ഇനിയും ഭാര്യ വീട്ടില്‍ കഴിയാനാകില്ല ; സ്വന്തം കുടുംബത്തില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ട് നവവരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി

ഭാര്യവീട്ടില്‍ ഇനിയും കഴിയാനാകില്ല. അതിഥികള്‍ക്കും മാന്യതയും മര്യാദയുമുണ്ടല്ലോ. ഭര്‍തൃവീട്ടുകാരെ സത്കരിച്ച് ഭാര്യാപിതാവിന് കടംകയറി തുടങ്ങി. ഇതില്‍ കൂടുതല്‍ ഭാര്യയുടെ വീട്ടില്‍ നില്‍ക്കുന്നത് അഭിമാനക്ഷതമാണെന്നു കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു നവവരന്‍. ലോക്ക്ഡൗണിന് തലേദിവസം വിവാഹിതനായ മുഹമ്മദ് ആബിഥ് ആണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇത്തരത്തില്‍ ഒരു കത്തയച്ചത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് കത്ത് എഴുതിയിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തലേദിവസമായിരുന്നു മുഹമ്മദ് ആബിദിന്റെ വിവാഹം. ബിഹാര്‍ സ്വദേശിയാണ് വധു. വിവാഹത്തിന് വധുവിന്‌റെ വീട്ടിലെത്തി. അടുത്ത ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭാര്യവീട്ടില്‍ തന്നെ മുഹമ്മദ് ആബിദിനും കുടുംബത്തിനും തങ്ങേണ്ടി വന്നു.

തങ്ങളുടെ അവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം. വധൂഗൃഹത്തില്‍ കുടുങ്ങിപ്പോയ തന്നേയും കുടുംബത്തേയും തിരിച്ച് നാട്ടിലെത്തിക്കണമെന്നാണ് ആബിദിന്റെ ആവശ്യം.മുഹമ്മദ് ആബിദ് അടക്കം ഒമ്പത് പേരാണ് വധൂഗൃഹത്തിലുള്ളത്. മണവാളനേയും ബന്ധുക്കളേയും നോക്കി പെണ്ണിന്റെ വീട്ടുകാരും ഒരുവഴിക്കായെന്നാണ് കത്തില്‍ പറയുന്നത്.

ഈ വിഷയത്തിന് പ്രത്യേക പരിഗണന നല്‍കണം. തങ്ങളെ മാന്യമായി സത്കരിക്കാന്‍ ഭാര്യാ പിതാവിന് കടം വാങ്ങേണ്ട അവസ്ഥ വരെ എത്തി. ഇതൊക്കെ കണ്ട് വീണ്ടും ഇവിടെ തുടരേണ്ടി വരുന്നത് അന്തസ്സിന് ചേരുന്നതല്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ മരുമകനേയും കുടുംബത്തേയും വേണ്ട രീതിയില്‍ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ആബിദിന്റെ ഭാര്യപിതാവ് പറയുന്നത്. ലോക്ക്ഡൗണ്‍ ഒരു മാസത്തിലധികമായി തുടരുന്നതോടെയാണ് വേറെ വഴിയില്ലാതെ മുഖ്യമന്ത്രിക്ക് ആബിദ് കത്തയച്ചത്.