ഡാറ്റ ചോര്‍ച്ച ; ക്വിക്ക് ഡോക്ടറും സംശയനിഴലില്‍

സ്പ്രിന്‍ക്‌ളര്‍ വിവാദത്തിനു പിന്നാലെ സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനമായ ക്വിക്ക് ഡോക്ടറില്‍ നിന്നും രോഗികളുടെ വിവരങ്ങള്‍ ചോരുന്നു എന്ന് ആരോപണം. ആശുപത്രിയില്‍ പോകാതെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം ആണ് ക്വിക് ഡോക്ടര്‍.

ഇതില്‍ നിന്നുമാണ് വിവരങ്ങള്‍ ചോരുന്നു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. യുവമോര്‍ച്ച അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ആണ് ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ച ആയിരക്കണക്കിന് രോഗികളുടെ വിവരങ്ങള്‍ പുറത്തായതായും രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് സര്‍ക്കാരും ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരഭത്തിന്റെ മേധാവിയും അവകാശപെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുവെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്.

ക്വിക് ഡോക്ടര്‍ സേവനം ഉപയോഗപ്പെടുത്തിയ ആയിരക്കണക്കിന് മലയാളികളുടെ സ്വകാര്യ വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഇവരുടെ വിവരങ്ങള്‍ നിലവില്‍ ആര്‍ക്ക് വേണമെങ്കിലും ലഭ്യമാണെന്ന് പ്രഫുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്വകാര്യ സ്റ്റാര്‍ട്ട്അപ്പുമായി ചേര്‍ന്ന് നടത്തിയ ഇടപാട് ദുരൂഹമാണ്.
ടെലി മെഡിസിന്‍ ഉപയോഗപ്പെടുത്തുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരസ്യമാണ്. ഡേറ്റ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സെര്‍വറിലാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി ചെയ്തത്. യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് കരാര്‍ കൈമാറിയത് തന്നെ വന്‍ ഡേറ്റാ തട്ടിപ്പ് നടത്താനാണ് പ്രഫുല്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ മെഡിക്കല്‍ കമ്പനികള്‍ അടക്കം ശേഖരിക്കുന്നുവെന്ന വസ്തുതകള്‍ നില നില്‍ക്കെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ആരോപണങ്ങള്‍ ഉണ്ടാകുന്നത്. ഡാറ്റാ ചോര്‍ച്ചയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഓരോദിവസവും പ്രതിപക്ഷ സംഘടനകളില്‍ നിന്നും ഉയരുന്നത്.