പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യ ; ദുബായ് പൊലീസ്
മലയാളിയായ പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. അറക്കല്‍ ബിസിനസ് ബേയിലെ 14ാം നിലയില്‍ നിന്ന് അദ്ദേഹം ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബുര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ പറഞ്ഞതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണത്തെ സംബന്ധിച്ച് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭിച്ചത്. ഗോള്‍ഡ് കാര്‍ഡ് വിസ കൈവശമുള്ള ജോയ് അറയ്ക്കല്‍ മരിച്ചത് സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണെന്നും പൊലീസ് വ്യക്തമാക്കി.
”അത് ആത്മഹത്യ തന്നെയാണ്. അന്വേഷണം പൂര്‍ത്തിയായി. മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു” – ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം ബിന്‍ സൊറൗര്‍ പറഞ്ഞു. സംഭവസമയത്ത് സൃഹൃത്തിനും മകനുമൊപ്പമായിരുന്നു ജോയ് അറക്കല്‍ ഉണ്ടായിരുന്നത്. പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു.
ഇരുപത് വര്‍ഷത്തോളമായി യുഎഇ ആസ്ഥാനമായി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കല്‍ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പടുത്തത്. ജുമൈറയില്‍ ഭാര്യ സെലിന്‍ മക്കളായ അരുണ്‍, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാര്‍ട്ടേര്‍ഡ് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ കൂടിയാണ് ജോയ് അറയ്ക്കല്‍ .