നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ 200 രൂപ, ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും
കേരളത്തില്‍ പൊതു ഇടങ്ങളില്‍ നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ഉപയോഗിക്കാതെ പുറത്തു ഇറങ്ങുന്നവരില്‍ നിന്നും ആദ്യം 200 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപയാണ് പിഴ. മാസ്‌ക് ധരിക്കാത്ത പക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വീടുകളില്‍ നിര്‍മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാം. മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പൊതുജനങ്ങളെ അറിയിക്കാന്‍ വ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രചാരണം നടത്തുന്നത്. അതേസമയം ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ‘തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉള്‍പ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക, കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളില്‍ തൊടാതിരിക്കുക, പൊതുവിടങ്ങളില്‍ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക, ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായയും അടയ്ക്കുക എന്നിവയ്ക്കാണ് ഈ ക്യാമ്പയിനില്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.