സിനിമതാരങ്ങളായ ഇര്‍ഫാന്‍ ഖാന്റെയും, ഋഷി കപൂറിന്റെയും, ഫുട്ബാള്‍ ഇതിഹാസം ചുനി ഗോസ്വാമിയുടെയും നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു

ദമ്മാം: ബോളിവുഡ് സിനിമാപ്രവര്‍ത്തകരായ ഇര്‍ഫാന്‍ ഖാന്റെയും, ഋഷി കപൂറിന്റെയും, ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസതാരമായ ചുനി ഗോസ്വാമിയുടെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കലാവേദി, കായികവേദി കേന്ദ്രകമ്മിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി.

മികച്ച രണ്ടു അഭിനേതാക്കള്‍ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞ ഏറെ ദുഃഖകരമായ അവസ്ഥയാണ്, ഇര്‍ഫാന്‍ ഖാന്റെയും, ഋഷി കപൂറിന്റെയും നിര്യാണത്തിലൂടെ ബോളിവുഡ് നേരിട്ടത്. നിത്യഹരിതനായകനായി നാല്‍പതു വര്‍ഷത്തിലധികം നിറഞ്ഞു നിന്ന അഭിനയസപര്യയാണ് ഋഷി കപൂറിന്റേത്. ഒരു തലമുറയെ തന്റെ ഊര്‍ജ്ജമേറിയ അഭിനയസിദ്ധിയിലൂടെ മയക്കിയ അദ്ദേഹം, നിര്‍മ്മാതായും, സംവിധായകനായും ഹിന്ദി സിനിമയ്ക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ബോളിവുഡും കടന്ന് ഹോളിവുഡില്‍ വരെ വിജയക്കൊടി നാട്ടി ഇന്ത്യയ്ക്ക് അഭിമാനമായ അഭിനയപ്രതിഭയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. കച്ചവടസിനിമയിലും, സമാന്തര സിനിമയിലും അദ്ദേഹം ഒരുപോലെ തന്റെ കഴിവ് തെളിയിച്ചു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ രണ്ടു മഹാപ്രതിഭകളുടെയും നിര്യാണത്തില്‍ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

1962-ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബാളില്‍ സ്വര്‍ണം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന ചുനി ഗോസ്വാമി, ഏഷ്യന്‍ ഗയിംസില്‍ 1964ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ റണ്ണര്‍അപ്പ് ആക്കിയശേഷം ഫുട്ബാളിനോട് വിടപറഞ്ഞു. പിന്നീട് ഫസ്റ്റ് ക്ളാസ്സ്‌ക്രിക്കറ്റില്‍ സജീവമായ അദ്ദേഹം ബംഗാള്‍ രഞ്ജി ടീമിന്റെ ക്യാപ്റ്റനായി. പത്മശ്രീ, അര്‍ജുന അവര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ നിര്യാണം, ഇന്ത്യന്‍ കായികചരിത്രത്തിലെ ഒരു സുവര്‍ണ്ണ ഇതിഹാസത്തിനാണ് തിരശ്ശീല വീഴ്ത്തിയതെന്ന് നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി അനുസ്മരിച്ചു.