സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ ; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചു. ഇതോടെ ഓര്‍ഡിനന്‍സിന് നിയമസാധുത ലഭിച്ചു. ഇന്നലെ രാത്രിയാണ് ഓര്‍ഡിനന്‍സ് മുഖ്യമന്ത്രിയുടെ ഓഫിസ് ഗവര്‍ണര്‍ക്ക് കൈമാറുന്നത്.
ഓര്‍ഡിനന്‍സിന് അംഗീകരം ലഭിച്ചതോടെ മുമ്പ് തീരുമാനിച്ചത് പ്രകാരമുള്ള ശമ്പളം പിടിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്ന് തിരിച്ചു നല്‍കുമെന്ന് ആറ് മാസത്തിനകം പറഞ്ഞാല്‍ മതിയെന്നുമാണ് തീരുമാനം. സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരിക വഴി ഈ വിധിയെ മറകടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും വിധിയില്‍ അപ്പിലീന് പോകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.