സുചിത്ര കൊലപാതകത്തില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍
കൊല്ലത്ത് നിന്നും കാണാതായ വീട്ടമ്മയുടെ കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മണലിയിലെ ഹൗസിംഗ് കോളനിയിലെ വാടക വീട്ടിലാണ് തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനിയും 42കാരിയുമായ സുചിത്രയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോള്‍ സുചിത്ര ഗര്‍ഭിണിയായിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തല്‍.
മാര്‍ച്ച് 17നു കാണാതായ സുചിത്രയുടെ മൃതദേഹം വീടിനു സമീപത്ത് നിന്നുമാണ് പോലീസ് കണ്ടെടുത്തത്. പുറത്തെടുക്കുമ്പോള്‍ അഴുകി തുടങ്ങിയിരുന്ന മൃതദേഹത്തിന്റെ കാലുകള്‍ രണ്ടും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. പെട്രോള്‍ ഒഴിച്ചു കത്തിക്കാനുള്ള ശ്രമം പാളിയതോടെയാണ് മൃതദേഹം കുഴികുത്തി മൂടാന്‍ തീരുമാനിച്ചത്. എന്നാല്‍ എടുത്ത കുഴി ചെറുതായതിനെ തുടര്‍ന്നു കാലുകള്‍ രണ്ടും മുറിച്ചുമാറ്റി ശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയത്.
കേസില്‍ സുചിത്രയുടെ കുടുംബസുഹൃത്തും 32കാരനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയുമായ പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. ഏകദേശം 2 ലക്ഷത്തോളം രൂപ പ്രശാന്ത് സുചിത്രയില്‍ നിന്നും വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതിന് പുറമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ തയാറാകാതെയിരുന്നതും കൊലപാതക കാരണമാകാം എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറായ സുചിത്ര രണ്ട് തവണ വിവാഹിതയാണ്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയോടെ ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നറിയിച്ച് അവധിയ്ക്ക് പോയ സുചിത്രയെ പറ്റി പിന്നീട് അറിവൊന്നും ഉണ്ടായില്ല. വീട്ടിലും സുചിത്രയെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സുചിത്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കീബോര്‍ഡ് ആര്‍ടിസ്റ്റായ പ്രശാന്ത് പാലാക്കാട് സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. വിദേശികളടക്കം നിരവധി പേരാണ് പ്രശാന്തിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്നത്.