ആരാധനാ സ്വാതന്ത്ര്യം – ഇന്ത്യയെ ബ്‌ളാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസ്.സി.ഐ.ആര്‍ എഫ്

പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പുറകില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ,യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന് നിര്‍ദ്ദേശം നല്‍കി.ഇതോടെ, ഇപ്പോള്‍ ബ്‌ളാക്ക് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സുഡാന്‍, ഉസ്ബകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗ്‌ളോബല്‍ റിലിജിയസ് ഫ്രീഡം നയരൂപീകരണത്തിന് 1998-ല്‍ കോണ്‍ഗ്രസ് നിയോഗിച്ചതാണ് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം കമ്മീഷന്‍. ഏപ്രില്‍ 28 നാണ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്. ഈയിടെ ഇന്ത്യയില്‍ നിലവില്‍ വന്ന ന്യൂ സിറ്റിസണ്‍ഷിപ്പ് ലോ, മുസ്‌ളീം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നിരാശയിലാഴ്ത്തിയതായി കമ്മീഷന്‍ കണ്ടെത്തി.

യു.എസ് കമ്മീഷന്റെ ഈ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് അനുരാഗ് ശ്രീവാസ്തവ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.കമ്മീഷന്റെ കണ്ടെത്തല്‍ ഇന്ത്യക്കെതിരെ തെറ്റായ പ്രചരണത്തിനേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു നൈജീരിയ, റഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെയും ബ്‌ളാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.