ലോക് ഡൗണ്‍ കാലഘട്ടം: പാഴ് വസ്തുക്കളില്‍ കലാരൂപങ്ങള്‍ വിരിയിച്ച് വിദ്യാര്‍ത്ഥിനി
തലവെടി: ലോക് ഡൗണ്‍ കാലഘട്ടം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥിനി. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന എന്തും ഉപയോഗപ്രദമാക്കുകയാണ് അശ്വതി അജികുമാര്‍.
തലവെടി നടുവിലെമുറിയില്‍ കലവറശ്ശേരില്‍ അജികുമാറിന്റെയും ജൂനായുടെയും ഏകമകളാണ് അശ്വതി അജികുമാര്‍. ലോക് ഡൗണ്‍ കാലം വീടിനുള്ളില്‍ തന്നെ ആയിരുന്നെങ്കിലും ഒറ്റ നിമിഷം പോലും പാഴാക്കാതെ വര്‍ണ്ണങ്ങള്‍ ചാലിച്ച് ഉപയോഗശൂന്യമായ മുട്ടത്തോടുകള്‍, കുപ്പികള്‍, ചിരട്ട തുടങ്ങിയ വസ്തുക്കളില്‍ ചിത്ര പണികള്‍ ചെയ്ത് കൗതകകരമാക്കുകയായിരുന്നു അശ്വതി.
ചിത്രരചനയിലും കഴിവ് തെളിയിക്കപെട്ട അശ്വതി നിരവധി ചിത്രങ്ങള്‍ ഇതിനോടകം വരച്ചു കഴിഞ്ഞു.ലോക് ഡൗണിന് ശേഷം ഇവയുടെ എക്‌സിബിഷന്‍ നടത്തി ലഭിക്കുന്ന തുക പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നല്കാനാണ് അശ്വതിയുടെ തീരുമാനം. എക്‌സിബിഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാമെന്ന് തലവെടി തിരുപനയനൂര്‍കാവ് ദേവിക്ഷേത്രം മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി തിരുമേനി പറഞ്ഞിട്ടുണ്ടെന്ന് അശ്വതി പറഞ്ഞു.ക്ഷേത്രം മാനേജര്‍ കൂടിയാണ് അശ്വതിയുടെ പിതാവ് അജികുമാര്‍ കലവറശ്ശേരില്‍.
പ്ലസ് ടൂ പരീക്ഷ കാലയളവില്‍ ലോക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ കൂട്ടുകാരുമായി സമ്പര്‍ക്കം ഒന്നും ഇല്ലാതെ വീട്ടില്‍ കഴിയുന്ന സമയത്ത് ഒരു മുട്ടത്തോടില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഇതോടെ നിറങ്ങളെ കൂട്ടുപിടിച്ച് മനസ് നിറയെ വര്‍ണ്ണങ്ങളാക്കി ആ വര്‍ണങ്ങള്‍ പാഴ് വസ്തുക്കളില്‍ ചേര്‍ത്ത് വച്ച് ബോട്ടില്‍ ആര്‍ട് ഉള്‍പെടെയുള്ളവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ നിരവധി കൗതുക വസ്തുകളാണ് നിര്‍മ്മിച്ചത്. ഗിറ്റാര്‍, പാവകള്‍, കിളിക്കൂട്, നൈറ്റ് ലാംബ്, ഫ്‌ളവര്‍ ബേസ് തുടങ്ങിയ നിരവധി ഇനങ്ങള്‍ ഇതിനോടകം നിര്‍മ്മിച്ചു കഴിഞ്ഞു.
മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയ ആശ്വതി ഹൈസ്‌കൂള്‍ പഠന കാലയളവില്‍ ജൂണിയര്‍ റെഡ് ക്രോസ് അംഗവും കഴിഞ്ഞ രണ്ട് വര്‍ഷം എന്‍.എസ്.എസ് വോളണ്ടിയറും ആയിരുന്നു.കൂടാതെ തലവെടി തിരുപനയനൂര്‍കാവ് ദേവിക്ഷേത്ര വിദ്യാ രാജ്ഞി യജ്ഞത്തിന്റെ ലീഡര്‍ കൂടിയാണ്. രണ്ടാം ക്ലാസ് മുതല്‍ നവരാത്രി വിദ്യാരാജ്ഞി യജ്ഞത്തില്‍ പങ്കെടുത്തിട്ടുള്ള അശ്വതിക്ക് ലഭിച്ച പരിശീലനവും പ്രോത്സാഹനവും ആണ് അശ്വതിയെ ഒരു ബഹുമുഖ പ്രതിഭയാക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വാര്‍ത്ത വായന മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്ന അശ്വതിക്ക് ഇംഗ്ലീഷ് അദ്ധ്യാപിക ആകാനാണ് താത്പര്യം.