കൊറോണ ചികിത്സ ; പുതിയ രീതി വികസിപ്പിച്ച് യു.എ.ഇ ; 73 പേരുടെ രോഗം ഭേദമായി
കൊറോണ തടയാന്‍ ഉള്ള വാക്‌സിന്‍ നിര്‍മ്മിക്കുവാന്‍ ഉള്ള പരീക്ഷണം ലോകത്തെ പല പ്രമുഖ രാജ്യങ്ങളും തുടരുന്നതിന്റെ ഇടയ്ക്ക് കോവിഡിനെതിരെ പുതിയ ചികിത്സാ രീതി വികസിപ്പിച്ച് യു.എ.ഇ. രോഗികളുടെ രക്തത്തില്‍ നിന്ന് മൂലകോശം വേര്‍തിരിച്ച് രോഗിയുടെ ശ്വാസകോശത്തിലെത്തിച്ചാണ് ചികിത്സാ രീതി. ഇതുവഴി പ്രതിരോധ ശേഷിയും ശ്വാസകോശ കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. സ്റ്റെം സെല്‍ ചികിത്സ വഴി 73 പേര്‍ക്ക് രോഗവിമുക്തി ലഭിച്ചതായും യു.എ.ഇ അവകാശപ്പെട്ടു.
കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് കൂടി പ്രതീക്ഷ നല്‍കുന്നതാണ് ഈ പുതിയ ചികിത്സാ രീതിയെന്ന് യു.എ.ഇ പറയുന്നു. യു.എ.ഇ ഈ ചികിത്സാ രീതിക്ക് പേറ്റന്റും നല്‍കി കഴിഞ്ഞു. ഈ ചികിത്സയിലൂടെ 73 പേര്‍ക്ക് രോഗവിമുക്തി ലഭിച്ച സാഹചര്യത്തില്‍ ഇത് വിപുലീകരിക്കാനുള്ള നീക്കങ്ങളാണ് യു.എ.ഇ നടത്തുന്നത്. കോവിഡെന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായും ഈ ചികിത്സാരീതി പങ്കുവെക്കാന്‍ യു.എ.ഇ സന്നദ്ധത അറിയിച്ചിട്ടുണ്ട്.