കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കില്ല

കേരളത്തിലെ ബിവറേജ് ഔട്ട് ലെറ്റുകള്‍ തത്ക്കാലം തുറക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൌണ്‍ രണ്ടാഴ്ച്ച കൂടി നീട്ടിയ സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിലാണ് തത്ക്കാലം മദ്യശാലകള്‍ തുറക്കേണ്ടെന്ന തീരുമാനം എടുത്തത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.ബീവറെജസുകള്‍ അനിയന്ത്രിതമായ തിരക്ക് ഉണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയത്.

ലോക്ക് ഡൌണ്‍ നീട്ടിയതിനോപ്പം തന്നെ കേന്ദ്രസര്‍ക്കാര്‍ ഇളവുകളും പ്രഖ്യാപിച്ചിരുന്നു.കേന്ദ്രസര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും ബീവറെജ് ഔട്ട്ലെറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന് കഴിയില്ല എന്ന് വിലയിരുത്തുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് തത്ക്കാലം മദ്യശാലകള്‍ തുറക്കേണ്ട എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.

കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം റെഡ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാമെന്നാണ്. എന്നാല്‍ കേരളത്തിലെ സഹാചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ മദ്യശാലകള്‍ തുറക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് മന്ത്രി ടിപി രാമകൃഷ്ണ്‍ പറഞ്ഞിരുന്നു. മദ്യശാലകള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.