കൊറോണ വൈറസ് ഉത്ഭവം സ്വാഭാവികം ; ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതം അല്ല എന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കല്‍ റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിന്റെത് സ്വാഭാവിക ഉത്ഭവമാണ് വിവിധ ഗവേഷകര്‍ കൊറോണ വൈറസ്, അതിന്റെ ജീന്‍ സ്വീക്വന്‍സ് എന്നിവയെകുറിച്ച് പഠനം നടത്തിയിരുന്നു. ഇവയെല്ലാം തന്നെ ലോകാരോഗ്യ സംഘടന തുടര്‍ച്ചയായി വിശകലനം ചെയ്തു.

ശേഷമാണ് കൊറോണ വൈറസിന്റെത് സ്വാഭാവികമായ ഉത്ഭവമാണെന്ന് ഉറപ്പാക്കിയതെന്നും മൈക്കല്‍. കൊറോണ വൈറസിനെ കുറിച്ച് കൂടുതല്‍ അറിയാനും ഇത്തരത്തിലുള്ള രോഗങ്ങളുടെ വ്യാപനം ഭാവിയില്‍ തടയാനും അത് അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ലോകത്ത് ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണെന്നും കൊവിഡ് വ്യാപനം അതിന്റെ രൂക്ഷതയിലേക്ക് എത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി കമ്മിറ്റി പറഞ്ഞു.

അതേസമയം വുഹാനിലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടല്‍ തടയുന്നതിനെ ചൈന മോശമായാണ് കൈകാര്യം ചെയ്തതെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയ്ക്കെതിരെയും ആരോപണമുണ്ട്. കൊറോണ വൈറസ് വ്യാപന വിഷയത്തില്‍ ഡബ്യുഎച്ച്ഒ ചൈനയോട് പക്ഷപാതം കാണിച്ചെന്നാണ് വൈറ്റ് ഹൗസിന്റെ ആക്ഷേപം.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ചൈനയ്ക്കെതിരേയുള്ള ആരോപണങ്ങള്‍ വീണ്ടും കടുപ്പിച്ചത്.’ ഷാങ്ഹായിലെ പ്രൊഫസര്‍ കൊറോണയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തുന്നതുവരെ ചൈന വൈറസിന്റെ ജനിതകക്രമം പോലും പുറത്തുവിട്ടില്ല. അടുത്ത ദിവസം തന്നെ പ്രതികാര നടപടിയായി പ്രൊഫസറുടെ ലാബ് അടപ്പിച്ചു. സുപ്രധാന സമയത്ത് അമേരിക്കന്‍ അന്വേഷകരെ അവര്‍ കടത്തിവിട്ടതുപോലുമില്ലെന്ന് കെയ്ലി ആരോപിക്കുന്നു.