കോഴിക്കോട്ടുകാരെ വിറപ്പിച്ച ബ്ലാക്ക്മാനെ പിടികൂടി

കഴിഞ്ഞ കുറച്ചു നാളുകളായി രാത്രികാലങ്ങളില്‍ കോഴിക്കോടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക് മാന്‍ അവസാനം പിടിയില്‍. വീടുകള്‍ക്കു നേരെ കല്ലെറിഞ്ഞും നഗ്‌നതാ പ്രദര്‍ശനം നടത്തിയും വന്ന തലശേരി സ്വദേശി അജ്മലാണ് പൊലീസിന്റെ വലയിലായത്.

കഴിഞ്ഞ ഒരാഴ്ച്ചയായി നഗരത്തിലെ പതിനെട്ടിടങ്ങളില്‍ അതിക്രമ കാട്ടിയത് താനാണെന്ന് അജ്മല്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നേരത്തെ ഒരു പീഡന കേസിലും ഇയാള്‍ ജയിലിലായിരുന്നു. കോവിഡിനെ തുടര്‍ന്നാണ് ഇയാളെ ജയിലില്‍ നിന്നും മോചിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ കസബ പൊലീസ് സാഹസികമായി പിടികൂടിയത്.

സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് ബ്ലാക്ക് മാന്റെ ഇഷ്ടവിനോദം. നാട്ടുകാര്‍ പിന്നാലെയെത്തുമ്പോള്‍ കല്ലെറിഞ്ഞാണ് ഇയാള്‍ രക്ഷപ്പെടാറുള്ളത്. വിവസ്ത്രനായാണ് പ്രതി പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളിലും ഇതു വ്യക്തമാണ്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വച്ചാണ് പ്രതി പിടിയിലായത്.