മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നാളെ മുതല്‍; നിയന്ത്രണങ്ങള്‍ തുടരും
കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ന്റെ മൂന്നാംഘട്ടത്തിന് നാളെ മുതല്‍ തുടക്കം. നിയന്ത്രണങ്ങള്‍ തുടരുവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. പൊതുഗതാഗതം ഉണ്ടാവില്ല. അന്തര്‍സംസ്ഥാന യാത്രകളും നിരോധിച്ചു. എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ യാത്ര അനുവദിക്കും.
കഴിഞ്ഞ മാസം 24ന് തുടങ്ങിയ രണ്ടാംഘട്ടം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ മഹാനഗരങ്ങളില്‍ അടക്കം രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തരംതിരിച്ചാണ് മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുക. കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് അല്‍പം ഇളവുകള്‍ നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഒ പി പ്രവര്‍ത്തിക്കും. സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കി.
ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ളവ തുറക്കില്ല. അഞ്ചു പേരില്‍ കൂടുതല്‍ ഒത്തുകൂടരുത്. ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലകളിലേക്ക് പ്രത്യേകം അനുമതിയോടെ യാത്ര ചെയ്യാം. 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് ജില്ലകളില്‍ ബസ് സര്‍വീസ് നടത്താന്‍ ഗ്രീന്‍ സോണില്‍ അനുമതിയുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെഡ് സോണില്‍ മദ്യ ശാലകള്‍ തുറക്കും. അതേസമയം കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം തുടരും.
ജാര്‍ഖണ്ഡില്‍ രണ്ടാഴ്ച വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ കൂടുതലായി ജാര്‍ഖണ്ഡിലേക്കാണ് മടങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് കരുതല്‍ നടപടിയുടെ ഭാഗമായി രണ്ടാഴ്ച വരെ നിയന്ത്രണം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.