അതിഥി തൊഴിലാളി വിഷയത്തില്‍ കാണിച്ച ഉത്സാഹം മലയാളികളുടെ തിരിച്ചുവരവില്‍ കാണിക്കാതെ സര്‍ക്കാര്‍

അതിഥി തൊഴിലാളി വിഷയത്തില്‍ കാണിച്ച ഉത്സാഹം രാജ്യത്തിന്റെ അകത്ത് പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന മലയാളികളുടെ തിരിച്ചുവരവില്‍ കാണിക്കാതെ സംസ്ഥാന സര്‍ക്കാര്‍.
ഇവര്‍ക്ക് മടങ്ങുവാനുള്ള യാത്ര സൌകര്യം ഒരുക്കുന്നതില്‍ അവ്യക്തത തുടരുകയാണ് ഇപ്പോഴും. സ്വന്തം ഉത്തരവാദിത്വത്തില്‍ വാഹനം ഒരുക്കണമെന്ന സര്‍ക്കാര്‍ നിബന്ധനയാണ് ഇതര സംസ്ഥാന മലയാളികള്‍ക്ക് പ്രതിസന്ധിയായത്. ട്രയിന്‍ സൌകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു എങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുളള മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചു വരുന്നതിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മടങ്ങി വരുന്നവരെ സ്വാഗതം ചെയ്യുമ്പോഴും ഇവര്‍ എങ്ങനെ കേരളത്തിലെത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ ബസിലോ മറ്റ് സ്വകാര്യ വാഹനങ്ങളിലോ മടങ്ങിവരാമെന്ന് മാത്രമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളടക്കമുളള വിദൂര സ്ഥലങ്ങളിലുളള മലയാളികള്‍ക്ക് ട്രെയിന്‍ സൌകര്യമില്ലാതെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഇതര സംസ്ഥാനക്കാര്‍ക്കായി ട്രെയിന്‍ സൌകര്യമുളളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അതേസമയം ആകാശത്ത് കോട്ട കെട്ടുന്നതു പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരുക്കങ്ങളെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പരിഹസിച്ചു. മലയാളികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ഒറ്റപ്പെട്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.