ദല്‍ഹി തുറക്കാന്‍ സമയമായി എന്ന് അരവിന്ദ് കെജ്രിവാള്‍ ; മറ്റുവഴികള്‍ ഇല്ല കൊറോണയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറാകാന്‍ ആഹ്വാനം
ദല്‍ഹിയില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കുന്നെന്ന് സൂചന നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ദല്‍ഹി തുറക്കാന്‍ സമയമായെന്നും കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നാം ഘട്ട ലോക്ഡൗണ്‍ല ആരംഭിക്കാനിരിക്കെയാണ് വ്യവസായ-സേവന മേഖലകള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണുകളൊഴികെയുള്ള മേഖലകളില്‍ ഇളവുകള്‍ വരുത്താന്‍ ദല്‍ഡഹി ഒരുങ്ങിക്കഴിഞ്ഞു. ആശുപത്രി, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ വരുമാനം ഇടിഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിച്ചുതന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ടയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. മറ്റുള്ളവ ഗ്രീന്‍ സോണുകളായി പ്രഖ്യാപിക്കണം. ഒറ്റ-ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണം. ലോക്ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം രോഗ വ്യാപനം ഉണ്ടാവുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ ദല്‍ഹി തയ്യാറെടുത്തുകഴിഞ്ഞെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. ദല്‍ഹിയില്‍ ഇതുവരെ 4,122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1256 പേര്‍ക്ക് രോഗം ഭേദമായി. 64 പേരാണ് ഇതുവരെ മരിച്ചത്.