കോവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നുതന്നെ എന്ന് ആവര്‍ത്തിച്ചു അമേരിക്ക
കോവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നെന്ന ആരോപണം ആവര്‍ത്തിച്ചു അമേരിക്ക വീണ്ടും രംഗത്ത്. ആഗോള ജനതയെ ആശങ്കയിലാഴ്ത്തിയ കോവിഡ്-19 വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ലാബില്‍ നിന്നാണ് എന്നും അതിന് നിരവധി തെളിവുകളുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ആരോപണം തെറ്റാണ് എന്ന് തെളിയിക്കാന്‍ ചൈന ഇതുവരെ ഒരു വസ്തുതയും മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു അന്താരാഷ്ട്ര ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചൈനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയത്.
വൈറസ് വ്യാപനം സംബന്ധിച്ച് കൃത്യമായ അന്വേഷണം വേണം. ചൈനയുടെ ഭാഗത്ത് പിഴവുകളില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ക്കുന്നതെന്നും പോംപിയോ ചോദിച്ചു. ലോകത്തെ മികച്ച വിദഗ്ധര്‍ ഇത് മനുഷ്യനിര്‍മിതമാണെന്ന് കരുതുന്നു. ഈ സമയത്ത് അത് അവിശ്വസിക്കാന്‍ പ്രത്യേക കാരണമില്ല എന്നും അദ്ദേഹം പറഞ്ഞു. വൈറസ് എവിടെ നിന്നാണ് ആരംഭിച്ചതെന്നതിന് ധാരാളം തെളിവുകളുണ്ട്, വുഹാനിലെ ആ ലബോറട്ടറിയില്‍ നിന്നാണ് ഇത് വന്നതെന്നതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലോക ആരോഗ്യ സംഘടന പല തവണ തള്ളിയിട്ടും കോവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണത്തില്‍ അമേരിക്ക ഉറച്ചു നില്‍ക്കുകയാണ്. കൂടാതെ, ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനയ്ക്കു പിന്തുണ നല്‍കുന്നതായും, സംഘടന പക്ഷപാതം കാട്ടുന്നതായും അമേരിക്ക ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം താത്കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.