ഹലോ ഫ്രണ്ട്‌സിന്റെ സാന്ത്വന സംഗീത സമര്‍പ്പണത്തിന് ഉജ്ജ്വല സമാപനം

ജേക്കബ് മാളിയേക്കല്‍

സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ മലയാളികളുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹാലോ ഫ്രണ്ട്‌സ് കോവിഡ് മഹാമാരിയോട് അനുബന്ധിച്ചു നടത്തിയ സംഗീത സമര്‍പ്പണം സമാപിച്ചു.

ഓണ്‍ലൈനിലൂടെ സാന്ത്വന സന്ദേശം പാട്ടുകളിലൂടെ പങ്കു വച്ചവര്‍ നൂറിലധികം കലാകാരന്മാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അവര്‍ സാന്ത്വന പെരുമഴ പെയ്യിച്ചു.ഞങ്ങള്‍ ഉണ്ട് നിങ്ങളുടെ കൂടെ എന്ന സന്ദേശം ലോകമലയാളികള്‍ ഹലോ ഫ്രണ്ട്‌സിലൂടെ അറിയിച്ചു.

ഹലോ ഫ്രണ്ട്‌സ് സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മഹാമാരിയില്‍ വെന്തുരുകുന്ന ലോക മെമ്പാടുമുള്ള ലക്ഷക്കണക്കായ കൊറോണാ രോഗികള്‍ക്ക് സ്വാന്തനമായി, ആശ്വാസമായി മാറുന്ന ആതുര സേവകരുടെ അര്‍പ്പണ മനോഭാവത്തിന് ആശംസകള്‍ അര്‍പ്പിച്ചു.

സ്വിറ്റ്‌സര്‍ലണ്ടിലെ മലയാളി കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് നടത്തിയ സ്‌നേഹ സ്വാന്തന സംഗീത സമര്‍പ്പണം മെയ് ഒന്നിന് വൈകുന്നേരം ആറു മണിക്ക് സ്വിറ്റ്‌സര്‍ലണ്ടിലെ പതിനാല് കലാകാരന്മാര്‍ അണിനിരന്ന സ്‌നേഹ സ്വാന്തന സംഗീത സമര്‍പ്പണത്തോട്കൂടി ആരംഭിച്ചു.

സാഹചര്യത്തിന് അനുയോച്യമായ വരികള്‍ എഴുതിയത് ടോം കുളങ്ങരയും, ചിട്ടപ്പെടുത്തിയത് സംഗീതലോകത്ത് സ്വിസ്സ് ബാബു എന്നറിയപ്പെടുന്ന ബാബു പുല്ലേലിയുമാണ്. ഇതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ജേക്കബ് കൊരട്ടിയും, എഡിറ്റിംഗ് ജോണി അറയ്ക്കലുമാണ് നിര്‍വ്വഹിച്ചത്.

ബാബു, തോമസ്, ജയ്‌സന്‍, റോബിന്‍, സാബു, ജോണി, അനില്‍, എല്‍ബിന്‍, പ്രീതി, റോസ്, ജസ്‌ന, രാജി, നയന. തുടങ്ങിയവര്‍നയിച്ച സ്‌നേഹ സ്വാന്തന സംഗീത സമര്‍പ്പണത്തെ തുടര്‍ന്ന് പ്രശസ്ത ഗായിക പ്രീതി വാര്യരുടെ ഫെയ്‌സ് ബുക്ക് ലൈവ് ഷോയോട് കൂടി പര്യവസാനിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും നൂറ്റി പതിനെട്ട് കലാകാരന്മാര്‍ അണിനിരന്ന സംഗീത സമര്‍പ്പണംത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് മലയാളികള്‍ പങ്ക് ചേര്‍ന്നു. ഹലോ ഫ്രണ്ട്‌സ് നടത്തിയ ഈപ്രോഗ്രാമിന് കേരളത്തിന്റെ ആരോഗ്യവകുപ്പ്മന്ത്രി. ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍, എം.പി. മാരായ. ശ്രീ. തോമസ് ചാഴികാടന്‍, ശ്രീമതി. രമ്യാ ഹരിദാസ്, മുന്‍ മന്ത്രി. പി.ജെ. ജോസഫ് .എം.എല്‍.എ. സിനിമാ താരങ്ങളായ. സ്ഫടികം ജോര്‍ജ്, ടോണി പ്രശസ്ത മജീഷ്യന്മാരായ പ്രൊഫസര്‍ മുതുകാട്, പി.എം. മിത്ര തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഏപ്രില്‍ 17ന് തുടങ്ങി തുടര്‍ച്ചയായി നടത്തിവന്ന സംഗീത സാന്ത്വന സമര്‍പ്പണം മെയ് ഒന്നിന് സമാപിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ലോക മലയാളി സമൂഹത്തില്‍ ഇടം നേടിയ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലാന്‍ഡ് പ്രവാസി സംബന്ധമായ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടും വരുന്നു. ഫാ.ഉഴുന്നാലിന്റെ മോചനത്തിനായി പെറ്റീഷനും ഒപ്പുശേഖരണവും നടത്തിയത് മുതല്‍ പ്രളയ കാലത്ത് ഭവനം നിര്‍മ്മിച്ചു നല്‍കിയും സാധിക്കുന്ന ചാരിറ്റി പ്രവര്‍ത്തനവും നടത്തി വരുന്നു. കൂട്ടായ്മ നടത്തുന്ന ഹെല്‍പ് ഡെസ്‌ക് സ്വിറ്റ്സര്‍ലാന്‍ഡില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ടോമി തൊണ്ടാംകുഴി അഡ്മിന്‍ ആയ സോഷ്യല്‍ മീഡിയയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ടോം കുളങ്ങര, ബാബു വേതാനി, ജോസ് വെള്ളാടിയില്‍, വിന്‍സന്റ് പറയംനിലം, അഗസ്റ്റിന്‍ പാറാണികുളങ്ങര, ജേക്കബ് മാളിയേക്കല്‍, ജെയ്സണ്‍ കരേടന്‍, ജോജോ വിച്ചാട്ട്, ജെയിംസ് തെക്കേമുറിയില്‍, ഫൈസല്‍ അഷ്ടമിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.