പ്രവാസികളെ ഈ മാസം 7 മുതല്‍ മടക്കി എത്തിക്കും ; ഏറ്റവും വലിയ എയര്‍ ലിഫ്റ്റിംഗിനൊരുങ്ങി ഇന്ത്യ

കൊറോണ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്ത്യന്‍ പൗരന്‍മാരെ മേയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കും. വിമാനവും നാവിക സേനയുടെ കപ്പലുകളും ഉപയോഗിച്ചാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. ഇതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുംഎസ്ഒപി) കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി.

ഇന്ത്യന്‍ എംബസികളും ഹൈ കമ്മീഷനുകളും തയാറാക്കുന്ന മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാകും പൗരന്‍മാരെ നാട്ടിലെത്തിക്കുക. യാത്രയ്ക്കുള്ള പണം പ്രവാസികളില്‍ നിന്നും ഈടാക്കും. മെയ് 7 മുതല്‍ ഘട്ടം ഘട്ടമായി ഇത് ആരംഭിക്കാനാണ് പദ്ധതി.

മടങ്ങാന്‍ അര്‍ഹരായവരുടെ പട്ടിക എംബസികളാണ് തയ്യാറാക്കുക. എത്ര പേരെ മടക്കി അയക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ എംബസികളാവും തീരുമാനിക്കുക. വിമാനമാര്‍ഗമോ കപ്പല്‍ മാര്‍ഗമോ ആവും പ്രവാസികളെ തിരികെ എത്തിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരെ വിമാനങ്ങളില്‍ തന്നെ എത്തിക്കും. മറ്റിടങ്ങളില്‍ നിന്ന് ആദ്യമായി മാലിയില്‍ നിന്നുള്ളവര്‍ കപ്പലില്‍ കൊച്ചിയിലെത്തും. ഗള്‍ഫില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍ ഉണ്ടാവുമെന്നാണ് വിവരം.

14 ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ കൊവിഡ് പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങിയെത്താന്‍ അത്യാവശ്യമുള്ളവരെയാവും ആദ്യം എത്തിക്കുക.നോര്‍ക്ക വഴി മാത്രം നാലു ലക്ഷത്തോളം പ്രവാസികളാണ് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് എംബസി മുഖേന രജിസ്റ്റര്‍ ചെയ്ത ആളുകളെയാണ് ആദ്യം തിരികെ കൊണ്ടുവരിക. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകള്‍ക്ക് അപ്പുറത്ത് അതാത് എംബസികള്‍ നല്‍കുന്ന മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ചാകും അന്തിമ ലിസ്റ്റ് തയാറാക്കുക എന്നാണ് വിവരം.