കൊറോണ പേടി , ലോക്‌ഡൌണ്‍ നിരാശ ; ഇതുവരെ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത് 300 പേര്‍

രാജ്യത്ത് കൊറോണ കാരണം മരിക്കുന്നവരുടെ കണക്കുകള്‍ പോലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്‌ഡൌണ്‍ പലരെയും ആത്മഹത്യയിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുന്നൂറിലധികം പേരുടെ ആത്മഹത്യകള്‍ക്ക് കോവിഡുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.

മാര്‍ച്ച് 19 മുതല്‍ മെയ് 2 വരെ 338 മരണങ്ങള്‍ നടന്നിട്ടുണ്ടെന്നും അവ ലോക്ക്ഡൗണുമായി ബന്ധപ്പെട്ടതാണെന്നും പബ്ലിക് ഇന്ററസ്റ്റ് ടെക്‌നോളജിസ്റ്റ് തേജേഷ് ജി.എന്‍, ആക്ടിവിസ്റ്റ് കനിക ശര്‍മ്മ, ജിന്‍ഡാല്‍ ഗ്ലോബല്‍ സ്‌കൂള്‍ ഓഫ് ലോ അമാനിലെ നിയമ പ്രാക്ടീസ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവരടങ്ങുന്ന സംഘം പറഞ്ഞു. കോവിഡ് ബാധിച്ചേക്കുമെന്ന ഭീതിയെ തുടര്‍ന്നും കടുത്ത ഏകാന്തതയെ തുടര്‍ന്നും 80 പേരാണ് ആത്മഹത്യ ചെയ്തത്.

നാട്ടിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രക്കിടെ ഉണ്ടായ അപകടങ്ങളില്‍ 51 പേര്‍ മരിച്ചിട്ടുണ്ട്. നിരാശ മൂലം 45 പേരും പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും മൂലം 36 പേരും സ്വയം ജീവനൊടുക്കിയെന്ന് സംഘം വ്യക്തമാക്കുന്നു.

നിര്‍ദ്ദിഷ്ട കാരണം വ്യക്തമല്ലാത്ത 41 കേസുകളും ഉണ്ട്.അണുബാധയെക്കുറിച്ചുള്ള ഭയം, ഏകാന്തത, സഞ്ചാര സ്വാതന്ത്ര്യം വിലക്കിയതും ലോക്ക്ഡൗണ്‍ സമയത്തുള്ള മദ്യ വിലക്ക് എന്നിവ മൂലം ആത്മഹത്യകള്‍ വളരെയധികം ഉണ്ടായിട്ടുണ്ട്. ആഫ്റ്റര്‍ ഷേവും സാനിറ്റൈസര്‍ ലോഷനുകളും കഴിച്ച് ഏഴ് പേരാണ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചവരും പൊലീസ് അതിക്രമങ്ങളോ മറ്റ് അക്രമങ്ങളോ മൂലം മരിച്ചവരും ലോക്‌ഡൌണുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടവരുമൊക്കെ ഇതിന് പുറമേ വരുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.