അനിത ശുക്ലയ്ക്ക് റിസേര്‍ച്ച് അച്ചീവ്മെന്റ് പുരസ്‌കാരം

പി.പി. ചെറിയാന്‍

റോസ്ഐലന്‍ഡ്: ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസര്‍ അനിതാ ശുക്ലക്ക് ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ റിസേര്‍ച്ച് അച്ചീവ്മെന്റ് പുരസ്‌കാരം. ബയോമെഡിക്കല്‍ എന്‍ജിനിയറിംഗ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നടത്തിയ ഗവേഷണത്തെ മാനിച്ചാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അവാര്‍ഡിനു പുറമെ 5000 ഡോളറിന്റെ റിസേര്‍ച്ച് സ്റ്റൈപന്‍ഡും അനിതക്ക് ലഭിക്കും.

ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് ശാസ്ത്ര – സാങ്കേതിക മേഖലകളില്‍ കഴിവുതെളിയിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് അനിതയേയും പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

റൈസ് യൂണിവേഴ്സിറ്റിയില്‍ ബയോഎന്‍ജിനിയറിംഗ് ബിരുദവും മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ അനിത, പ്രസിഡന്‍ഷ്യല്‍ ഏര്‍ലി കരിയര്‍ അവാര്‍ഡ്, നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അനിതയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് എന്‍ജിനിയറിംഗ് ആയി സേവനം ചെയ്തുവരുന്നു.