ഓര്‍മിപ്പിക്കുകയാണ് സ്നേഹപൂര്‍വ്വം-1 (കോവിഡ് 19: തുടരുന്ന ലോക്ക് ഡൗണ്‍ കാലവും അര്‍ഹതയില്ലാത്ത വേതനത്തിനുവേണ്ടിയുള്ള രോദനവും)

പാപ്പച്ചന്‍ പുന്നയ്ക്കല്‍ വിയന്ന

കോവിഡ് മഹാമാരിയുടെ ആഗോള വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ കേരള സര്‍ക്കാര്‍ വ്യാപനം തടയുന്നതിനുള്ള പ്രതിരോധപദ്ധതികളുമായി മുന്നോട്ടുവന്നു. ലോക്ക് ഡൗണിന്റെ കാര്യത്തില്‍ വളരെയധികം ജാഗ്രത പുലര്‍ത്തിയതുകൊണ്ട്, ഒരു പക്ഷെ വികസിത രാജ്യങ്ങളെക്കാള്‍ കേരളത്തിനു മഹാമാരിയെ ചെറുത്തുനില്‍ക്കാനായി എന്നത് ഏവരും അംഗീകരിച്ച വസ്തുതയാണ്.

ലോക്ക് ഡൗണ്‍ കാലത്ത് ഓഫിസുകളും, വിദ്യാലയങ്ങളും, കടകമ്പോളങ്ങളും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അവശ്യവസ്തുക്കളുടെ കടകളും, ആരോഗ്യ പ്രവര്‍ത്തകരും നിയമപാലകരുമാണ് ഈ കാലയളവില്‍ ജോലി ചെയ്തത്.

അതേസമയം ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് ദിവസവേതനക്കാരെയാണ്. അന്നന്ന് ജോലിചെയ്തു കുടുംബം പുലര്‍ത്തുന്നവരുടെ നിലനില്‍പ് തന്നെ അവതാളത്തിലായി. സര്‍ക്കാറിന്റെ വരുമാനത്തെയും ലോക്ക് ഡൗണ്‍ സാരമായി ബാധിച്ചു.

ഇവിടെ പ്രസക്തമായ ചോദ്യമിതാണ്, ലോക്ക് ഡൗണ്‍ കാലത്ത് ഏറെപേര്‍ക്കും ജോലിചെയ്യാന്‍ സാധിക്കുന്നില്ല, അതിനാല്‍ അവര്‍ക്കു വേതനവും ലഭിക്കുന്നില്ല, എന്നാല്‍ സ്ഥിരജോലിയുള്ളവര്‍ക്കു ജോലി ചെയ്യാതെതന്നെ ശമ്പളം ലഭിക്കുകയും, മറ്റുള്ളവര്‍ക്ക് ഒരു വരുമാനവും ഇല്ലാതിരിക്കുകയും ചെയ്യുന്നത് നീതിയാണോ? ചെയ്യാത്ത ജോലിയ്ക്കു ശമ്പളം ചോദിക്കുന്നതും, കൊടുക്കുന്നതും ശരിയാണോ? അങ്ങനെയുള്ള ഏര്‍പ്പാടല്ലേ യഥാര്‍ത്ഥത്തില്‍ നോക്കുകൂലി?

വേദനം ജോലിക്കാരന്റെ അവകാശം തന്നെയാണ്. എന്നാല്‍ ജോലി ചെയ്യുമ്പോഴല്ലേ അതിനുള്ള അവകാശം നിലനില്‍ക്കുന്നത്. അര്‍ഹത ഇല്ലാത്തവര്‍ കൂടി അത് അവകാശമായി സ്ഥാപിച്ചെടുത്ത് സമ്പത്ത് വിതരണത്തിന്റെ അനുപാതം ആസ്ഥാനത്താക്കുന്നത് സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ രീതിയല്ല.

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ജര്‍മ്മനിയില പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു കമ്പനിയിലെ തൊഴിലാളി യൂണിയനുകള്‍ സ്വമേധയാ എടുത്ത ഒരു തീരുമാനമുണ്ട്. തൊഴിലാളികള്‍ പകുതി വേതനത്തിന് പകുതി സമയം ജോലി ചെയ്തു കമ്പനിയുടെ നിലനിലപ്പിനെ പരിപോഷിപ്പിച്ചു. ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാന്‍ പറ്റൂ എന്നുള്ള കാഴ്ചപ്പാടില്‍ ആ കാലഘട്ടം അവര്‍ ഒരുമിച്ചു തരണം ചെയ്തു.

നമ്മുടെ സംസ്ഥാനത്തും ഇത് സാധ്യമാണ്. ജോലി ചെയ്യാത്ത കാലയളവില്‍ പകുതിദിനങ്ങളിലെ വേതനം മാത്രം നല്‍കുകയും, വാങ്ങിക്കുകയൂം ചെയ്യാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളും, തൊഴിലാളി യൂണിയനുകളും ഈ കാര്യത്തില്‍ മുന്നോട്ടു വന്നു തീരുമാനം എടുക്കണം. അതേസമയം പോലീസും, ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ ജോലിചെയ്യുന്നതിനാല്‍ അവര്‍ക്കു മുഴുവന്‍ വേതനവും ലഭിക്കാന്‍ അര്‍ഹതയുണ്ട്.

വരുമാനത്തിന്റെ 70 ശതമാനത്തോളം വേതനവും പെന്‍ഷനുമായി ചിലവാക്കുന്ന ഒരു സംസ്ഥാനം ലോക്ക് ഡൗണ്‍ കാലത്ത് കടം മേടിച്ചു മുഴുവന്‍ വേതനവും കൊടുക്കുന്നത് ശരിയല്ല. മറ്റുരാജ്യങ്ങളിലെ സാഹചര്യം ഇവിടെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം ലോട്ടറിയും മദ്യവില്പനയും നിലച്ചപ്പോള്‍ വരുമാനത്തിന്റെ സിംഹഭാഗവും മരവിച്ച ഒരു സംസ്ഥാനമാണ് കേരളം. അടുത്തമാസത്തെ ശമ്പളം കൊടുക്കാന്‍പോലും നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലും സംസ്ഥാനം വളര്‍ച്ചാനിരക്കില്‍ മുന്‍പന്തിയിലാണെന്നു ജനങ്ങളെ ന്യായികരിച്ചു തെറ്റുധരിപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധികള്‍ വാഴുന്ന നാടായി കേരളം.

ഏതു ദുരന്തം ഉണ്ടായാലും പരിശോധന സാമിഗ്രി വാങ്ങുന്നതിലും, ആവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത് തുടങ്ങി ശവപ്പെട്ടി വാങ്ങുന്നതില്‍ വരെ അഴിമതിനടത്തുന്ന ഒരു സ്ഥലത്ത് ഖജനാവിലെ പണം അവകാശത്തിന്റെ പേരില്‍ തട്ടിയെടുക്കുന്നതും സര്‍ക്കാരിന്റെ നയമായി മാറുന്നതില്‍ വലിയ അതിശയത്വമില്ല. ജോലിചെയ്യാതെ വേതനം ലഭിക്കുമ്പോള്‍ ജോലിയുമില്ല, കൂലിയുമില്ലാത്ത ഒരു വലിയ സമൂഹം ചുറ്റിലുള്ളത് കാണാനുള്ള ദൂരകാഴച എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ഉണ്ടാകേണ്ടതാണ്. ഈ മഹാമാരിക്കിടയില്‍ നമുക്ക് നഷ്ടപ്പെടുന്നതും ഈ ഉള്‍കാഴ്ചയാണ്.