ബോയ്‌സ് ലോക്കര്‍ റൂം ; ഗ്രൂപ്പ് അഡ്മിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യണം എന്ന പേരില്‍ ചര്‍ച്ചകള്‍ നടന്ന സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബോയ്‌സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പിനെതിരെ ബോളിവുഡിലെ താരങ്ങള്‍ രംഗത്ത്. കൂടെ പഠിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ പറ്റിയോക്കെയാണ് ആണ്‍കുട്ടികള്‍ ബോയ്‌സ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തത്.

സൂപ്പര്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്,ആണ്‍ കുട്ടികള്‍ ഇങ്ങനെ നശിച്ച് പോയതിന്റെ ഉത്തരവാദിത്തം അവരെ വളര്‍ത്തിയ മതാപിതാക്കള്‍ക്കാണെന്ന് ബോളിവൂഡ് താരം സോനം കപൂര്‍ അഭിപ്രായപെട്ടു.സ്വര ഭാസ്‌ക്കര്‍,സിദ്ധാര്‍ഥ് ചതുര്‍വേദി എന്നിവരും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വിഷം വമിക്കുന്ന ആണത്ത ബോധം ചെറുപ്പത്തില്‍ തന്നെ കുട്ടികളെ എങ്ങനെ പിടികൂടുംഎന്നതാണ് ഈ സംഭവം കാണിച്ച് തരുന്നത് എന്ന് സ്വര ഭാസ്‌ക്കര്‍ പറയുന്നു.മാതാ പിതാക്കളും അധ്യാപകരും ഈ പ്രശ്‌നത്തെ ഗൗരവത്തോടെ സമീപിക്കണം.

ബലാത്സംഗം ചെയ്യുന്നയാളെ തൂക്കി കൊല്ലുന്നതിലല്ല,ബലാത്സംഗം ചെയ്യുന്നവരെ സൃഷ്ടിച്ചെടുക്കുന്ന മാനസിക അവസ്ഥയാണ്, എതിര്‍ക്കപെടേണ്ടത് എന്നാണ് സ്വര ഭാസ്‌ക്കര്‍ പറയുന്നത്.മനുഷ്യരെ ബാധിക്കുന്ന വൈറസുകളുടെ കൂട്ടത്തില്‍ ലോക്കര്‍ റൂമും സ്ഥാനം നേടിയെന്ന് സിദ്ധാര്‍ഥ് ചതുര്‍വേദി പറയുന്നു. അതിനിടെ ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ ബോയ്‌സ് ലോക്കര്‍ റൂം ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു.

ഡല്‍ഹി വനിതാ കമ്മീഷന്‍ സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.ഗ്രൂപ്പില്‍ ഇരുപതോളം അംഗങ്ങള്‍ ഉണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ഗ്രൂപ്പിലെ അംഗങ്ങള്‍,ഇതില്‍ പത്ത് വിദ്യാര്‍ഥികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.ബോയ്‌സ് ലോക്കര്‍ റൂം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഐടി ആക്ടിലേയും വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.

പെണ്‍കുട്ടികളുടെ ഫോട്ടോ അശ്ലീല കമന്റുകളോടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നതോടെയാണ് ഈ വിവാദ ഗ്രൂപ്പ് ചര്‍ച്ചയായത്,ഡല്‍ഹിയിലെ പ്രശസ്തമായ അഞ്ച് സ്‌കൂളുകളില്‍ പഠിക്കുന്ന 11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഈ ഗ്രൂപ്പിന് പിന്നില്‍ എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.