കൊറോണ രോഗത്തിന് ചികിത്സിക്കാന്‍ ഗംഗാജലം ; ജല്‍ശക്തി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തള്ളി ICMR

കൊറോണ വൈറസിന് എതിരായി ചികിത്സക്ക് ഗംഗാജലം ഉപയോഗിക്കാമെന്നതില്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തണമെന്ന ജല്‍ശക്തി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിക്കേണ്ടതില്ലെന്ന് (ഐ സി എം ആര്‍ )ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഇതിന് കൂടുതല്‍ ശാസ്ത്രീയമായ ഡാറ്റകള്‍ വേണമെന്നും അവര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാന്‍ വിവിധ സ്ഥലങ്ങളിലൂടെ ഒഴുകിയെത്തുന്ന ഗംഗാജലം കൊണ്ട് കഴിയുമോ എന്നതില്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ ആരംഭിക്കാന്‍ ശക്തമായ തെളിവുകളോ ഡാറ്റയോ ഇല്ലെന്ന് ഐസിഎംആറില്‍ ഇവാലുവേഷന്‍ ഓഫ് റിസര്‍ച്ച് പ്രൊപ്പോസല്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായ ഡോ. വൈ.കെ ഗുപ്ത വ്യക്തമാക്കി.

ജല്‍ ശക്തി മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയ്ക്ക് (NMCG) കൊറോണ വൈറസ് ഗംഗാനദിയിലെ ജലം കൊണ്ട് ചികിത്സിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്ലിനിക്കല്‍ പഠനങ്ങള്‍ നടത്തണമെന്ന് ഗംഗാനദിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും ധാരാളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ ഐ.സി.എം.ആറിന് അയയ്ക്കുകയായിരുന്നു.

‘നിലവിലെ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശത്തിന് കൂടുതല്‍ ശാസ്ത്രീയമായ തെളിവുകളും രേഖകളും കണക്കുകളും വേണം. ഇക്കാര്യം അവരെ അറിയിച്ചിട്ടുണ്ട്’ – എയിംസ് മുന്‍ ഡീന്‍ കൂടിയായ ഗുപ്ത പറഞ്ഞു.

നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (NEERI) ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചതെന്ന് NMCG അറിയിച്ചു. നേരത്തെ, നീരി ഗംഗാ നദിയിലെ ജലത്തിന്റെ ഗുണനിലവാരവും മറ്റും സംബന്ധിച്ച് പഠനം നടത്തിയിരുന്നു.നീരിയുടെ പഠനം അനുസരിച്ച് ഗംഗാജലത്തിന് രോഗകാരികളായ ബാക്ടീരിയകളെ അപേക്ഷിച്ച് ബാക്ടീരിയോഫേജുകളുടെ എണ്ണം കൂടുതലാണ്. അതേസമയം, ഗംഗാജലത്തിന് ആന്റി വൈറല്‍ ഗുണങ്ങള്‍ ഉണ്ടെന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഐ സി എം ആറിന് കൈമാറുകയായിരുന്നു എന്ന് എന്‍ എം സി ജിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശാസ്ത്രജ്ഞര്‍ ബാക്ടീരിയോഫേജുകള്‍ എന്നു വിളിക്കുന്ന ‘നിഞ്ച വൈറസ്’ ഗംഗാജലത്തില്‍ ഉണ്ടെന്നാണ് എന്‍ എം സി ജിക്ക് ലഭിച്ച് ഒരു നിര്‍ദ്ദേശത്തില്‍ വാദിക്കുന്നത്. മറ്റൊരു നിര്‍ദ്ദേശത്തില്‍, ശുദ്ധമായ ഗംഗാജലം പ്രതിരോധശേഷി വദ്ധിപ്പിക്കുമെന്നും കൊറോണ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുമെന്നും പറയുന്നു. മൂന്നാമത്തെ നിര്‍ദ്ദേശത്തില്‍, ഗംഗാജലത്തിന്റെ ആന്റി വൈറല്‍ ഗുണങ്ങളെക്കുറിച്ചും രോഗങ്ങള്‍ക്കെതിരെ പോരാടാനുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഗവേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. അതേസമയം, തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഐ സി എം ആറില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന്NMCG ഉദ്യോഗസ്ഥര്‍ പറഞ്ഞു.