കേരളത്തില്‍ ഇന്നും ആര്‍ക്കും കൊറോണ ബാധ ഇല്ല ; അഞ്ചുപേര്‍ക്ക് മുക്തി
കേരളത്തിന് വീണ്ടും ആശ്വാസദിനം. കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് കോറോണ ബാധിതര്‍ ഇല്ലാതിരിക്കുന്നത്. മാത്രമല്ല കോറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേരുടെ ഫലം നെഗറ്റീവ് ആവുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്. കോറോണയില്‍ നിന്നും മുക്തരായത് 474 പേരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവ് ആയി.