ഇന്ത്യയില്‍ മരണം 1800 ;  3390 പോസിറ്റീവ് കേസുകളും 103 മരണവും

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍കുതിച്ചുക്കയറ്റം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1886 ആയി. പോസിറ്റീവ് കേസുകളുടെ എണ്ണം 56342 ആയി. 37916 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 16539 പേര്‍ രോഗമുക്തി നേടി.

മഹാരാഷ്ട്രയില്‍ ആണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 18,000 കടന്നു. പുതുതായി 1362 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ മുംബൈയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയ സംഘം നേരിട്ടെത്തി. അതിനിടെ മുംബൈ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കും, ജയില്‍ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ദിവസേന ആയിരത്തിനു മുകളിലാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. 1,362 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 43 പേര്‍ മരിച്ചു. രോഗ ബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,120 ആയി. മരണ സംഖ്യ 694 ആയി ഉയര്‍ന്നു.

ഗുജറാത്തിലും ഡല്‍ഹിയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ആഗ്രയില്‍ ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു.