152 യാത്രക്കാരുമായി റിയാദില്‍ നിന്ന് ആദ്യ വിമാനമെത്തി
പ്രവാസികളെയും കൊണ്ടുള്ള റിയാദില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി. 4 കൈക്കുഞ്ഞുങ്ങള്‍ അടക്കം 152 പേരാണ് വിമാനത്തിലുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ്. ഇതില്‍ 23 ഗര്‍ഭിണികളും 11 കുട്ടികളും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. അടിയന്തര ചികിത്സക്കെത്തുന്ന അഞ്ച് പേരും എഴുപത് വയസിനു മുകളിലുള്ള മൂന്നു പേരും സംഘത്തിലുണ്ട്.
റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ്-19 തെര്‍മല്‍ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കോവിഡ് പരിശോധനകള്‍ റിയാദ് യാത്രക്കാരില്‍ നടത്തിയിട്ടില്ല. റിയാദിന് പുറമെ അല്‍ ഹസ്സ, ദവാദ്മി, അല്‍ ഖസീം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്. പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.
അതേസമയം റിയാദില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. 43 വയസ്സായിരുന്നു. മൂന്നാഴ്ച മുമ്പ് ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. അതീഖയിലെ പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും പത്താം ക്ലാസുകാരിയായ മകളും നാട്ടിലാണ്. ഇതോടെ സൌദിയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.