ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ വിയോഗത്തില്‍ ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുശോചനം
ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി ചാപ്ലിന്‍ ആയി സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കവേ കോവിഡ് ബാധിച്ചു നിര്യാതനായ ഫാ. ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ വിയോഗത്തില്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ മധ്യയുറോപ്പ് മെത്രാപോലീത്തയായ ഡോ. കുറിയാകോസ് മോര്‍ തെയോഫിലോസ് മെട്രോപോളിറ്റന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബിജി അച്ചനുമായി 30 വര്‍ഷത്തെ ആത്മബന്ധം കാത്ത് സൂക്ഷിച്ച തെയോഫിലോസ് തിരുമേനി, അച്ചന്റെ ദേഹ വിയോഗത്തില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചും സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും സന്ദേശം നല്‍കി.
തെയോഫിലോസ് തിരുമേനിയുടെ സന്ദേശം:
നമ്മളില്‍ നിന്ന് ഭൗതികമായി വേര്‍പിരിഞ്ഞ് തന്റെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് യാത്രയായിരിക്കുന്ന ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ ദേഹ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന കുടുംബാംഗങ്ങളെ സര്‍വ്വശക്തനായ ദൈവം ആശ്വസിപ്പിക്കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു .
പ്രിയപ്പെട്ട അച്ചനുമായി 30 വര്‍ഷത്തോളമായി ഉള്ള പരിചയവും അടുപ്പമാണ് ബലഹീനനായ എനിക്കുള്ളത്. 1990 കളില്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു അതിനുശേഷം നമ്മുടെ വൈദീക സെമിനാരിയില്‍ ഞങ്ങളൊരുമിച്ച് പഠിപ്പിക്കുകയും വാര്‍ഡന്‍മാര്‍ ആയിട്ട് ശുശ്രൂഷ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ ജര്‍മ്മനിയില്‍ പഠനത്തിന് പോയി .എന്നാല്‍ തൊട്ടു പുറകെ തന്നെ പ്രിയപ്പെട്ട അച്ഛന്‍ ജര്‍മനിയിലേക്ക് എത്തിച്ചേര്‍ന്നു .തുടര്‍ന്ന് വിയന്നയിലെ നമ്മുടെ ഇടവകയുടെ ശുശ്രൂഷകന്‍ ആയി ദീര്‍ഘനാള്‍ അദ്ദേഹം ബലഹീനനായ എന്നോടൊപ്പം അദ്ദേഹം ശുശ്രൂഷ ചെയ്തു.
അദ്ദേഹം അവധിക്ക് നാട്ടില്‍ വരുമ്പോള്‍ എല്ലാം നമ്മുടെ വൈദീക സെമിനാരിയില്‍ വരുകയും അവിടെ ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും കുടുംബവുമായി ഞാന്‍ ഒരു ശെമ്മശന്‍ ആയിരുന്ന കാലം മുതലുള്ള അടുപ്പവും ബന്ധവും ആണ് എനിക്ക് ഉള്ളത്. 17 വര്‍ഷത്തോളം വിയന്നയിലെ ഇടവകയില്‍ അദ്ദേഹം ശുശ്രൂഷ അനുഷ്ഠിക്കുകയും അവിടുത്തെ ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക്, പ്രത്യേകിച്ച് സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനത്തിന് ശ്രേഷ്ഠമായ ശുശ്രൂഷ അദ്ദേഹം നല്‍കിയിട്ടുണ്ട് . ആദ്യകാലങ്ങളില്‍ ജര്‍മ്മനിയില്‍ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്ത് വിയന്നയില്‍ വന്നു ആ ഇടവകയെ ശുശ്രൂഷിച്ചത് എല്ലാം നന്ദിയോടെ ഈ സമയത്ത് ഓര്‍ക്കുകയാണ്. അതുപോലെതന്നെ യൂറോപ്പിലെ നമ്മുടെ ഇടവകകളില്‍ എല്ലാം അദ്ദേഹം പലപ്പോഴായി സന്ദര്‍ശിക്കുകയും ശുശ്രൂഷ ചെയ്തതും നന്ദിയോടെ കൂടെ ഓര്‍ക്കുന്നു.
ഞാന്‍ രണ്ടുവര്‍ഷം മുമ്പ് ഇംഗ്ലണ്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്റെ കൂടെ യാത്ര ചെയ്യുകയും, അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോയി ഒത്തിരി സ്‌നേഹത്തോടെ ശുശ്രൂഷിച്ചതുമെല്ലാം ഈ സമയത്ത് നന്ദിയോട് കൂടെ ഓര്‍ക്കുകയാണ്.
ഇനി സ്വര്‍ഗ്ഗീയ ത്രേണോസ്സില്‍ സ്വര്‍ഗ്ഗീയ ഗണങ്ങളോടുകൂടി കര്‍ത്താവിനെ ആരാധിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവം അദ്ദേഹത്തിന് ഭാഗ്യം കൊടുക്കട്ടെ. യുറോപ്യന്‍ ഇടവകകളുടെയും (Except U.K. & Ireland) വൈദീക സെമിനാരിയുടെയും പേരിലും ,വ്യക്തിപരമായ പേരിലും ഉള്ളതായ അനുശോചനവും ദുഃഖവും അറിയിക്കുന്നതിനോടെപ്പം തന്നെ കുടുംബാംഗങ്ങളെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആശ്വസിപ്പിക്കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
=================
വിയന്നയിലെ സെന്റ് മേരിസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ വികാരി ഫാ. ജോഷി വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ബിജി അച്ചന്റെ വേര്‍പാടില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും അദ്ദേഹം സഭയ്ക്കും സമൂഹത്തിനും ചെയ്ത സേവനങ്ങളെ അനുസ്മരിക്കാനും പ്രത്യേക ബ്ലോഗും ആരംഭിച്ചുട്ടുണ്ട്. എല്ലാവരുടെയും അനുശോചനങ്ങളും ബിജി അച്ചനെക്കുറിച്ചുള്ള ഓര്‍മ്മകളും കാത്തുസൂക്ഷിക്കുവാന്‍ ഒരു ഡിജിറ്റല്‍ റെക്കോര്‍ഡ് എന്ന നിലയില്‍ ഈ ബ്ലോഗ് ഏവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. അനുശോചനം അറിയിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.forevermissed.com/revfrdrbiji-markose-chirathilattu/about