മദ്യം ഓണ്‍ലൈനായി വീട്ടില്‍ എത്തിക്കല്‍ ; അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടെ കയ്യില്‍ : സുപ്രീംകോടതി

ലോക്ക്‌ഡൌണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോക്ക്‌ഡൌണില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമ വിരുദ്ധവും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണം എന്നും ആവശ്യപെട്ടായിരുന്നു ഹര്‍ജി. ഹര്‍ജി തള്ളിയ കോടതി ഈ വിഷയത്തില്‍ യാതൊരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുന്നതിനായി സംസ്ഥാനങ്ങള്‍ മദ്യം ഓണ്‍ലൈന്‍ ആയി വീട്ടില്‍ എത്തിക്കുന്നത് പരിഗണിക്കണം എന്നും നിര്‍ദേശിച്ചു.

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ഓറഞ്ച്,ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മാരായ അശോക് ഭൂഷന്‍,സഞ്ജയ് കൗള്‍,ബി ആര്‍ ഗവായി എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. അതേസമയം മദ്യവില്‍പ്പന ശാലകള്‍ തുറന്നതോടെ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ സുരക്ഷാ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഒക്കെ ലംഘിച്ചുകൊണ്ട് വന്‍ തിരക്കാണ് ഉണ്ടായത്. ചില വന്‍നഗരങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തുന്ന സാഹചര്യം പോലും ഉണ്ടായി.

അതിനിടെ പഞ്ചാബ്,തമിഴ്‌നാട്,പശ്ചിമ ബംഗാള്‍ സംസ്ഥനങ്ങള്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്കായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കൊറോണ ലോക്ക്‌ഡൌണ്‍,ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്ത് കേരളം മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നില്ല എന്ന് വ്യക്തമാക്കി.