ഡല്‍ഹിയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി
കോറോണക്കിടയിലും ഡല്‍ഹിയില്‍ അരങ്ങേറിയത് മനുഷ്യത്വരഹിതമായ കൃത്യം. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ അശോക് വിഹാറിലാണ് ലോക്ക് ഡൌണ്‍ കാലത്ത് ഈ ക്രൂരകൃത്യം അരങ്ങേറിയത്. നാല്‍പ്പത്തിയാറ് വയസ്സുള്ള ശരത് ദാസാണ് മരണമടഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് അനിത എന്ന മൂപ്പതുവയസ്സുകാരി സ്വന്തം ഭര്‍ത്താവിനെ കഴുത്തുഞെരിച്ചു കൊന്നത്. എന്നാല്‍ അയല്‍ക്കാരോട് കോറോണ രോഗബാധ മൂലം ഭര്‍ത്താവ് മരണമടഞ്ഞുവെന്നാണ് അവര്‍ പറഞ്ഞത്.
അയല്‍വാസികള്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോഴാണ് കൊലപാതക വിവരം ലോകമറിഞ്ഞത്. പൊലീസ് മൃതദേഹം പോസ്റ്റ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചപ്പോള്‍ ആണ് ഇയാള്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും വ്യക്തമായത്.
മാത്രമല്ല കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അനിതയെ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ കുറ്റസമ്മതം നടത്തിയത്. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്നും അനിത പൊലീസിനോട്കുറ്റസമ്മതം നടത്തി.
അനിത സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.