മലയാളികളെ കേരളത്തില്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല

കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്‌ഡൌണിനെതുടര്‍ന്നു ദുരിതത്തിലായ മലയാളികളെ കേരളത്തില്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല. കര്‍ണാടകം,തമിഴ് നാട് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ എത്തിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ പോലും വിമര്‍ശനത്തിന് കാരണമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ ഇപ്പോഴും അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യമാണുള്ളത്.

അതുപോലെ ഡല്‍ഹി,മുബൈ,ജയ്പ്പൂര്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലെത്തുന്നതിനായുള്ള സൗകര്യങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ ഒരുക്കിയിട്ടുമില്ല.വിദ്യാര്‍ഥികള്‍ക്കാകും മുന്‍ഗണന നല്‍കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു, എന്നാല്‍ ജയ്പൂരില്‍ കുടുങ്ങി ക്കിടക്കുന്ന വിദ്യാര്‍ഥികളെ തിരികെ എത്തിക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ജയ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ തിരികെ കൊണ്ടുപോവുകയും ചെയ്തു,

ഗര്‍ഭിണികള്‍ അടക്കമുള്ളവരാണ് ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നത്,യാത്രയ്ക്കായി സ്വന്തം വാഹനം ഉപയോഗിക്കാം എന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതിന് നല്ലൊരുപങ്ക് ആളുകള്‍ക്കും കഴിയില്ല,സ്വന്തമായി വാഹനം ഇല്ലാത്തവര്‍ മടങ്ങി വരണ്ട എന്നാണോ സര്‍ക്കാര്‍ നിലപാടെന്ന് ഇവര്‍ ചോദിക്കുന്നു.
ഡല്‍ഹി,നോയിഡ,മുംബൈ,ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിരവധി മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

കേരള ഹൗസിലും നോര്‍ക്കയിലും ഒക്കെ മലയാളികള്‍ ഇതേകുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അവര്‍ക്കും സാധിക്കുന്നില്ല,വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപെട്ട് എന്‍ എസ് യു ഐ,എബിവിപി,ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈരളി സൗഹൃദവേദി തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. എങ്ങനെയും തിരികെ എത്തിക്കണം എന്ന് കാട്ടി ധാരാളം മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട് എങ്കിലും സര്‍ക്കാര്‍ ഇപ്പോഴും മൌനത്തിലാണ്.