ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചനുവേണ്ടി വിയന്നയില്‍ അനുസ്മരണ ശുശ്രുഷകള്‍ നടത്തി

 

 

 

 

 

 

 

 

 

 

 

വിയന്ന: യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ വൈദികനും മുളന്തുരുത്തി സെമിനാരിയിലെ മുന്‍ അധ്യാപകനും വിയന്ന സെന്റ് മേരിസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ മുന്‍ വികാരിയുമായിരുന്ന ഫാ. ഡോ. ബിജി മാര്‍ക്കോസിന്റെ (53) നിര്യാണത്തില്‍ വിയന്നയില്‍ അനുസ്മരണം സംഘടിപ്പിച്ചു. ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ കാര്‍മ്മികത്വം വഹിച്ചു. ഇടവകക്ക് വേണ്ടി വൈസ് പ്രസിഡണ്ട് ഔസേഫ് പടിക്കകുടി, സെക്രട്ടറി ജോണ്‍സന്‍ വഴലാനിക്കല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

ഫാ. ബിജി ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി ചാപ്ലിന്‍ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് കോവിഡ് ബാധിച്ചു നിര്യാതനായത്. വിയന്ന സെന്റ് മേരിസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ അദ്ദേഹത്തെ അനുസ്മരിച്ചു സന്ദേശം നല്‍കി.

ഫാ. ബിജി യൂറോപ്പിലെ വിവിധ ഇടവകകളില്‍ ആയിരുന്നു കൂടുതല്‍ സമയവും സേവനം ചെയ്തത്. 1967 മെയ് 31 കോട്ടയത്ത് വാകത്താനത്ത് ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലീഷില്‍ ബിരുദവും തുടര്‍ന്ന് ബാഗ്ലൂര്‍ യുനൈറ്റെഡ് കോളേജില്‍ നിന്നും തിയോളജിയില്‍ ബിരുദവും 2002ല്‍ ജര്‍മനിയിലെ മാര്‍ബുര്‍ഗ് യൂണിവേര്‍സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിള്‍, ജര്‍മന്‍, ഹീബ്രൂ, ഗ്രീക്ക്, സുറിയാനി എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു.

യാക്കോബായ സഭയുടെ വൈദിക സെമിനാരിയായ മുളന്തുരുത്തി സെമിനാരിയില്‍ അധ്യാപകനായും ഓസ്ട്രിയയിലെ ഗ്രാത്സ് യൂണിവേഴ്‌സിറ്റിയില്‍ കാത്തലിക് തിയോളജിക്കല്‍ ഫാകള്‍റ്റിയില്‍ വിസിറ്റ് ലെക്ച്ചറായും വിയന്നയിലെ വിവിധ സ്‌കൂളുകളില്‍ മതാധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഒരു വര്‍ഷത്തോളം ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അരമനയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും സുറിയാനി ഭാഷയില്‍ അഗാധപാണ്ഡിത്യം നേടുകയും ചെയ്തിരുന്നു. പതിനേഴു വര്‍ഷത്തോളം വിയന്ന ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിച്ചതിനുശേഷം കുടുംബസമേതം ലണ്ടനിലേക്ക് പോകുകയും യുകെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ നിര്‍വഹിച്ചു വരികയായിരുന്നു.

യൂറോപ്പില്‍ യാക്കോബായ സഭയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതിനും, അതോടൊപ്പം യൂറോപ്പ് ഭദ്രാസനത്തില്‍ സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും, എക്യുമെനികല്‍ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രയത്‌നിച്ചട്ടുണ്ട്.

പെരുമ്പള്ളി സെന്റ് ജോര്‍ജ്ജ് സിംഹാസന പള്ളി, കൊച്ചറ സെന്റ് പീറ്റെഴ്‌സ് പള്ളി, വിയന്ന സെന്റ് മേരീസ് പള്ളി, സെന്റ് തോമസ് പോര്‍ട്‌സ്‌മൌത്ത്, സെന്റ് ജോര്‍ജ്ജ് അബര്‍ദീന്‍, സെന്റ് മേരീസ് എഡിന്ബര്ഗ്, സെന്റ് മേരീസ് ലൈസിസ്‌റെര്‍, സെന്റ്. ബേസില്‍ ടെര്‍ബി, മൈട്‌സ്‌ടോന്‍, സെന്റ് ജോര്‍ജ്ജ് പൂളെ, സെന്റ്. ജോര്‍ജ്ജ് ബര്‍മ്മിഹം, സെന്റ് തോമസ് ലണ്ടന്‍, എന്നീ ദൈവലായങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം വാകത്താനം പുത്തന്‍ച്ചന്ത ചിരത്തിലാട്ട് കുടുംബാംഗമാണ്. ഭാര്യ ബിന്ദു, മക്കള്‍ തബീത, ലവിത, ബേസില്‍ എന്നിവര്‍ മക്കളാണ്. ഫാ. ബിജിയെ അറിയുന്നവരുടെ അനുശോചനങ്ങളും നല്ല ഓര്‍മ്മകളും കാത്തുസൂക്ഷിക്കുവാന്‍ ഒരു ഡിജിറ്റല്‍ റെക്കോര്‍ഡ് വിയന്ന ഇടവക ക്രമീകരിച്ചട്ടുണ്ട്. ഏവര്‍ക്കും സ്മരകണകളും ഫോട്ടോയും വീഡിയോകളും ഷെയര്‍ ചെയ്യാവുന്നതാണ്. അനുശോചനം അറിയിക്കാനുള്ള ലിങ്ക്: https://www.forevermissed.com/revfrdrbiji-markose-chirathilattu/about