രാജ്യത്ത് മരണം 1900 കടന്നു ; 24 മണിക്കൂറിനിടെ 95 മരണം
ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകളും 95 മരണവും റിപ്പോര്‍ട്ട് ചെയ്തു. 17847 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5662 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 39834 ആണ് .ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7500ലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും പോസിറ്റീവ് കേസുകള്‍ 6000 കടന്നു. അഹമ്മദാബാദിലെ ഗുരുതര സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടു.
ഡല്‍ഹി എയിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ പ്രത്യേക വ്യോമസേന വിമാനത്തില്‍ അഹമ്മദാബാദില്‍ എത്തിച്ചു. ത്രിപുരയില്‍ 25 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചു മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയും മകനും കൊവിഡ് ബാധിതരായി.
കൊവിഡ് കേസുകള്‍ ഇപ്പോഴത്തെ നിരക്കില്‍ തന്നെ വളരുകയാണെങ്കില്‍ ഈമാസം അവസാനത്തോടെ ഒരു ലക്ഷം കടന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാഹചര്യം രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലെറിയയെ അഹമ്മദാബാദിലെ സാഹചര്യം നേരിടാന്‍ നിയോഗിച്ചത് ശ്രദ്ധേയമാണ്.
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 390 പോസിറ്റീവ് കേസുകളില്‍ 269ഉം 24 മരണത്തില്‍ 22ഉം അഹമ്മദാബാദിലാണ്. ഗുജറാത്തില്‍ ആകെ കൊവിഡ് ബാധിതര്‍ 7403ഉം മരണം 449ഉം ആയി. ഡല്‍ഹിയില്‍ മൂന്ന് ദിവസത്തിനിടെ 1214 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 338 പുതിയ കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6318ഉം മരണം 68ഉം ആയി.