രാജ്യത്ത് ലോക്ക് ഡൌണ്‍ കാരണം പൊലിഞ്ഞത് 383 ജീവനുകള്‍

ലോക്ക് ഡൌണ്‍ കാരണം രാജ്യത്ത് പൊലിഞ്ഞത് 383 ജീവനുകളെന്ന് കണക്കുകള്‍. ഔറംഗാബാദിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെയും മധ്യപ്രദേശിലെ ട്രക്ക് അപകടത്തില്‍ മരിച്ചവരെയും ഉള്‍പ്പെടുത്തിയാണിത്. ഗവേഷകരായ തേജേഷ് ജി.എന്‍, കനിക ശര്‍മ്മ, അമാന്‍ എന്നിവരാണ് കൊവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വിവിധ സാഹചര്യങ്ങളില്‍ മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയത്.

മരിച്ച 383 പേരില്‍ 69 പേരും റെയില്‍ , റോഡ് അപകടങ്ങളിലാണ് മരണപ്പെട്ടത്. പൊതുഗതാഗത സംവിധാനങ്ങള്‍ നിലച്ചതോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് ഇവര്‍ പറയുന്നത്.83 പേര്‍ രോഗബാധയുണ്ടാകുമോ എന്ന സംശയത്താലും ലോക്ക് ഡൗണ്‍ ഉണ്ടാക്കിയ മാനസിക സംഘര്‍ഷത്തിലും ആത്മഹത്യ ചെയ്തുവെന്നാണ് ഇവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് 46 പേരാണ് മരണപ്പെട്ടത്. ഇതില്‍ കൂടുതലും ആത്മഹത്യ ആയിരുന്നു.

ലോക്ക് ഡൗണിന് ശേഷമുള്ള പത്ര റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിരവധി വളണ്ടിയര്‍മാരും ഇവരെ സഹായിച്ചു. പട്ടിണി കൊണ്ടും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നും ജീവന്‍ നഷ്ടമായവരും ഈ കണക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

വിവരങ്ങള്‍ തയ്യാറാക്കുന്നതിന് ഗൂഗിള്‍ സെര്‍ച്ചും ഉപയോഗിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ വിവിധ നാടുകളില്‍ താമസിക്കുന്ന ആളുകളുമായി സഹകരിച്ചുമാണ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മരണത്തിന്റെ കണക്കുള്‍ ഇവര്‍ ശേഖരിച്ചത്.