എല്ലാ സ്‌കൂള്‍ കുട്ടികളേയും അടുത്ത ക്ലാസുകളിലേക്കു ജയിപ്പിക്കണം എന്ന് കപില്‍ സിബല്‍

പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് 12ാം ക്ലാസ്സ് വരെയുള്ള എല്ലാ സ്‌കൂള്‍ കുട്ടികളേയും അടുത്ത ക്ലാസുകളിലേക്ക് വിജയിപ്പിക്കണമെന്നു കോണ്ഗ്രസ് നേതാവ് കപില്‍ സിബല്‍. അല്ലെങ്കില്‍ ഇന്റേണല്‍ പരീക്ഷയുടെ മാര്‍ക്ക് നോക്കി മൂല്യ നിര്‍ണ്ണയം നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷത്തെ പരീക്ഷയുടെ സമ്മര്‍ദ്ദം വിദ്യാര്‍ഥികളില്‍ നിന്നും ഒഴിവാക്കാന്‍ ഇതാണ് മാര്‍ഗമെന്നും കപില്‍ സിബല്‍ പറയുന്നു.

കോവിഡ് വ്യാപനം മൂലം നഷ്ടപ്പെടുന്ന ക്ലാസുകള്‍ വീണ്ടെടുക്കാന്‍ അടുത്ത വര്‍ഷം സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികളും അധ്യാപകരും നല്ലരീതിയില്‍ പ്രയത്‌നിക്കേണ്ടി വരുമെന്നും കപില്‍ സിബല്‍ മുന്നറിയിപ്പ് നല്‍കി. അതിനെ മറികടക്കാനായി സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റല്‍ കണക്ടിവിറ്റിയുടെ കുറവ് രാജ്യത്ത് നിലനില്‍ക്കുന്നതിനാല്‍ ഡിജിറ്റലായി പഠിപ്പിക്കുക എന്നതും സ്വീകരിക്കാന്‍ കഴിയുന്ന വഴിയല്ല എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സെപ്റ്റംബറില്‍ ക്ലാസുകള്‍ തുടങ്ങാമെന്നാണ് സര്‍വകലാശാലകള്‍ക്ക് യു.ജി.സി നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശം. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഓഗസ്റ്റ് മുതല്‍ പുനരാരംഭിക്കാം. എന്നാല്‍ ഇത് നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങള്‍ പരിഗണിച്ച് സര്‍വകലാശാലകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ക്ലാസുകള്‍ വൈകി ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലകളാണെന്നും ഇത്തരം തീരുമാനങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.