അമ്മയ്ക്കാരുമ്മ: ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്കുവേണ്ടി ഗാനസമര്‍പ്പണം
”യൗവനം സൗഖ്യത്തിന്റെ പടവുകള്‍ താണ്ടീടുമ്പോള്‍,
വാര്‍ദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.”
പെറ്റുവീണ പൈതലിന്‍ ആദ്യകരച്ചില്‍ കേട്ട് സന്തോഷിക്കുന്ന അമ്മയുടെ പ്രാര്‍ത്ഥന ഇനി എന്റെ കുട്ടി കരയാന്‍ ഇടവരരുതേയെന്നാണ്. മാതൃസ്‌നേഹത്തിന്‍ അമിഞ്ഞ മധുരം ആവോളം നുകര്‍ന്ന് വളരുന്ന കുട്ടിക്ക് ചെറുപ്പത്തില്‍ അമ്മ മാത്രം മതി. എന്നാല്‍ മക്കള്‍ മുതിര്‍ന്നാലോ അമ്മയെ ഭാഗം വയ്ക്കുന്നു. ചിലര്‍ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളെ തെരുവിലേയ്ക്ക് നിഷ്‌കരുണം തള്ളുന്നു.
ആശകള്‍ നിറയും കാലം യൗവനം
നിരാശകള്‍ നിറയും കാലം വാര്‍ദ്ധക്യം
ആധുനിക സംസ്‌കാരം അപ്പാടെ നാം ജീവിതത്തിലേക്ക് പകര്‍ത്തിയപ്പോള്‍ ഉപയോഗശൂന്യമായതെന്തും നശിപ്പിക്കാനും, വലിച്ചെറിയാനും പഠിച്ചു. അതിന്റെ ഫലമായി ഒരായുസ്സ് മുഴുവന്‍ നെരിപ്പോടുകളില്‍ ഉമിത്തീയായ് എരിഞ്ഞുകൊണ്ട് ചൂടും ചൂരും പകര്‍ന്നുതന്ന അച്ഛനമ്മമാരുടെ ചോരയും നീരും വറ്റിയപ്പോള്‍ കരിമ്പിന്‍ ചണ്ടി കണക്കെ പലരും അവരെ പുറംതള്ളി.
കുഞ്ഞിളം കൈ മെല്ലെ പിടിച്ചമ്മ നിങ്ങളെ അമ്മ നടത്തിയപ്പോള്‍, നാളെ കാഴ്ചകളില്ലാത്ത, പല്ലില്ലാത്ത, രുചിയില്ലാത്ത, ഓര്‍മ്മയില്ലാത്ത, ഒന്നുമില്ലാത്ത അവസ്ഥയില്‍ നിങ്ങളവരെ കൈപിടിച്ച് തിരികെ നടത്തുമെന്ന പ്രതീക്ഷ അവര്‍ക്കും ഉണ്ടായിരിക്കില്ലേ. വസന്തത്തിലെ പൂമ്പാറ്റകളെപ്പോലെ പാറി നടന്ന്, മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി ആയുസ്സ് മുഴുവന്‍ പണിയെടുത്ത് മെഴുകുതിരിപോലെ എരിഞ്ഞു പ്രകാശം പരത്തിയ അമ്മ വാര്‍ദ്ധക്യ ജീവിത ക്ലേശത്തിന്റെ സങ്കടകഷായം കുടിക്കുമ്പോള്‍ സ്‌നേഹ കൈനീട്ടി തിരിച്ചു നടത്തേണ്ടത് മക്കളുടെ കടമയല്ലേ?
പലര്‍ക്കും വയസ്സായ അമ്മമാര്‍ കൈയിലിരുന്ന് കത്തുന്ന തിരിപോലെയാണ്. കത്തിത്തീരും തോറും കൈപൊള്ളും. അതിനുമുന്‍പേ തിരി ദൂരെ എറിയണം. അതുകൊണ്ടായിരിക്കാം ചിലര്‍ തിരിയെറിയുന്ന ലാഘവത്തോടെ വീടിന്റെ പുറത്തെ ചായ്പ്പിലേക്കും, തെരുവിലേക്കും വയസ്സായകുമ്പോള്‍ നടതള്ളുന്നത്. പന്നിയുടെയോ, മറ്റു മൃഗങ്ങളുടെയോ ഹൃദയം മനുഷ്യന് യോജിക്കുമോ എന്ന് ശാസ്ത്രം പരീക്ഷിക്കുന്ന കാലമാണിന്ന്. എന്നാല്‍ മനുഷ്യന് വേണ്ടത് മനുഷ്യ ഹൃദയം തന്നെയാണ്.
യൗവനത്തിന്റെ വസന്തത്തിനുശേഷം വാര്‍ദ്ധക്യത്തിന്റെ ഇലപൊഴിയും കാലം നിങ്ങളേയും കാത്തിരിക്കുന്നുണ്ട്. രണ്ടാം ബാല്യമെന്ന വാര്‍ദ്ധക്യത്തില്‍ ഒരിറ്റു കരുണ, സ്‌നേഹത്തോടെയുള്ള ഒരു തലോടല്‍ അതുമതി അവര്‍ക്ക്. ഇനിയും ഒരു പാലാഴി കടഞ്ഞ്, അമൃത് എടുത്ത് യുവത്വം എന്നും നിലനിറുത്തുവാനാകില്ലെന്ന് ഓരോരുത്തരും ഓര്‍ത്താല്‍ നന്ന്. ഒരുനാള്‍ നിങ്ങളുടെ തൊലിയിലും കാലം ചുളിവുകള്‍ വീഴ്ത്തും. മുടിയിഴകളില്‍ വെള്ളിവര വരയ്ക്കും. തിരിക്കിട്ട ജീവതത്തില്‍ സമയത്തിന് സ്വര്‍ണ്ണ വിലയുണ്ടെന്ന് പറയുന്ന നിങ്ങളെ നോക്കാന്‍ അവര്‍ക്ക് സമയമുണ്ടായിരുന്നല്ലോ, മക്കളുടെ സുഖം മാത്രം ലക്ഷ്യമാക്കി ജീവിച്ച അമ്മമാരെ വയസ്സുകാലത്ത് സംരക്ഷിക്കാതെ സന്താഷിപ്പിക്കാതെ തെരുവിലേയ്ക്ക് വലിച്ചിഴക്കുകയോ മറ്റു സദനങ്ങളിലേയ്‌ക്കോ മാറ്റുന്നത് എന്തിന്റെ പേരിലായാലും തെറ്റാണ് പൊറുക്കാന്‍ പാടില്ലാത്ത തെറ്റ്.
അമ്മദിനത്തില്‍ മാത്രമല്ല അമ്മമാരേ ഓര്‍മ്മിക്കേണ്ടത് എന്നും നെഞ്ചോട് ചേര്‍ത്തിപിടിക്കണമെന്ന സന്ദേശവുമായി ടോം കുളങ്ങര, സ്വിസ്സ് ബാബു കൂട്ടുകെട്ടില്‍ പിറന്ന ഈ മനോഹരഗാനം കേള്‍ക്കാം. ഓര്‍ക്കസ്ട്രഷന്‍: ജേക്കബ് കൊരട്ടി.