കോവിഡ് വാക്‌സിന്‍ ഡാറ്റ മോഷ്ടിക്കാന്‍ ചൈന ശ്രമിച്ചു എന്ന ആരോപണവുമായി അമേരിക്ക

ചൈനയ്ക്ക് എതിരെ പുതിയ ആരോപണവുമായി അമേരിക്ക. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണം ചൈനീസ് ഹാക്കര്‍മാര്‍ മോഷ്ടിക്കാന്‍ എന്നാണ് അമേരിക്ക ആരോപണം ഉന്നയിച്ചിരിക്കുന്നത്. COVID-19 നായി വാക്‌സിന്‍ വികസിപ്പിക്കാന്‍ സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ശ്രമിക്കുമ്പോള്‍ ചൈനയിലെ ഹാക്കര്‍മാര്‍ ഡാറ്റ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പുമായി എഫ്ബിഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റും രംഗത്തെത്തി. വാള്‍സ്ട്രീറ്റ് ജേണലും ന്യൂയോര്‍ക്ക് ടൈംസുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

COVID-19 നുള്ള ചികിത്സകളെയും പരിശോധനകളെയും കുറിച്ചുള്ള വിവരങ്ങളും ബൌദ്ധിക സ്വത്തവകാശവും ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. ഹാക്കര്‍മാര്‍ക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച എഫ്ബിഐയുടെയും അമേരിക്കയുടെയും ഔദ്യോഗിക മുന്നറിയിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരും.

എല്ലാ സൈബര്‍ ആക്രമണങ്ങളെയും ചൈന ശക്തമായി എതിര്‍ക്കുന്നുവെന്ന് ബീജിംഗ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ‘കോവിഡ് -19 ചികിത്സയിലും വാക്‌സിന്‍ ഗവേഷണത്തിലും ഞങ്ങള്‍ ലോകത്തെ നയിക്കുന്നു. തെളിവുകളുടെ അഭാവത്തില്‍ അപവാദങ്ങളോടെ ചൈനയെ ലക്ഷ്യമിടുന്നത് അധാര്‍മികമാണ്,’ ഷാവോ ലിജിയാന്‍ പറഞ്ഞു.

ഇറാന്‍, ഉത്തര കൊറിയ, റഷ്യ, ചൈന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്നതുമുതല്‍ ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ലക്ഷ്യമിടുന്നതുവരെ നിരവധി മുന്നറിയിപ്പുകളും അമേരിക്ക വരും ദിവസങ്ങളില്‍ നല്‍കിയേക്കും. പെന്റഗണിന്റെ സൈബര്‍ കമാന്‍ഡും ദേശീയ സുരക്ഷാ ഏജന്‍സിയും ഉള്‍പ്പെടെ സൈബര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുഎസ് ഏജന്‍സികള്‍ നടത്താന്‍പോകുന്ന പ്രത്യാക്രമണങ്ങളുടെ മുന്നോടിയാണ് ഈ മുന്നറിയിപ്പെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വൈറസ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്കും ഗവേഷകര്‍ക്കുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ബ്രിട്ടനും അമേരിക്കയും കഴിഞ്ഞ ആഴ്ച സംയുക്ത സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളെയും മെഡിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളെയും ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍ പൊതുവായി ഉപയോഗിക്കുന്ന പാസ്വേഡുകള്‍ വഴി അക്കൌണ്ടുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കും. ഹാക്കര്‍മാര്‍ വലിയ തോതിലുള്ള ‘പാസ്വേഡ് സ്‌പ്രേ’ തന്ത്രങ്ങള്‍ കണ്ടെത്തിയതായി ബ്രിട്ടനിലെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രവും യുഎസ് സൈബര്‍ സുരക്ഷയും ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സിയും അറിയിച്ചു.

കൊറോണ മഹാമാരിക്ക് ഇടയില്‍ ഹാക്കര്‍മാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ കൊറോണ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനു ഇനിയും കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.