സൗദി അറേബ്യയില്‍ മെയ് 23 മുതല്‍ 27 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന മെയ് 22 വരെ നീട്ടി സൌദി ഭരണകൂടം. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാവുന്ന ഇപ്പോഴുള്ള ഇളവ് മെയ് 22 വരെ തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മക്കയിലും നിലവില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളിലും തുടരുന്ന 24 മണിക്കൂര്‍ കര്‍ഫ്യൂവിലും മാറ്റമില്ല.

തുടര്‍ന്ന് ഈദ്-ഉല്‍-ഫിത്വര്‍ അവധി ദിവസങ്ങളില്‍ ആണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 23 മുതല്‍ 27 വരെ (റമദാന്‍ 30 മുതല്‍ ശവ്വാല്‍ നാലുവരെ) രാജ്യത്ത് 24 മണിക്കൂര്‍ നിരോധനാജ്ഞയും സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഇത് ബാധകമായിരിക്കും.

ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സാമൂഹിക അകലം പാലിക്കുക, അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് ഒഴിവാക്കുക എന്നി നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും കര്‍ഫ്യൂവില്‍ ഭാഗികമായ ഇളവ് ഉണ്ടായിരിക്കും. എന്നാല്‍, മക്ക നഗരത്തില്‍ ഇത് ബാധകമായിരിക്കില്ല. മക്കയിലേക്ക് പ്രവേശിക്കുന്നതിനും മക്കയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നതിനുമുള്ള നിരോധനം തുടരും.

അതേസമയം ഇന്ന് 9 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1911 പേര്‍ക്ക്പുതുതായി അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 264 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42925 ആയി. ഇന്ന് റെക്കോര്‍ഡ് രോഗമുക്തിയാണ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 2520 പേര്‍ക്ക് അസുഖം മാറി. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 15257 ആയി. രോഗമുക്തി വര്‍ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 27404 ആയി കുറഞ്ഞു.