20 ലക്ഷം കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; ലോക്ക്ഡൗണ്‍ തുടരും
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ദൃഡനിശ്ചയം കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ്. കൊവിഡ് പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കുകയോ തകരുകയോ ഇല്ല. കൊവിഡില്‍ നിന്ന് രാജ്യം രക്ഷ നേടും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസം പൂര്‍ത്തിയായെന്നും മോദി പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തില്‍ ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.ലോക്ക് ഡൗണിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം രാജ്യത്ത് ലോക്ഡൗണ്‍ തുടരുമെന്നു മോദി അറിയിച്ചു. ലോക്ഡൗണ്‍ തുടരുമെങ്കിലും നാലാം ഘട്ടം പുതിയ നിയമങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങള്‍ ഈ മാസം 18ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എന്‍ 95 മാസ്‌കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും ദിവസേന ഉണ്ടാക്കുന്നു- മോദി പറഞ്ഞു.