അതീവ ജാഗ്രതയില്‍ രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തുടങ്ങി
രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ആദ്യ സര്‍വീസ് വൈകിട്ട് നാല് മണിക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ബിലാസ്പൂരിലേക്ക് പുറപ്പെട്ടു. റെയില്‍വേ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് യാത്ര അനുവദിച്ചത്. 1490 യാത്രക്കാരുമായി വൈകിട്ട് 4.15 നാണ് ഛത്തീസ്ഗഡിലെ ബിലാസ്പൂരിലേക്ക് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. തൊട്ടുപിന്നാലെ അസാമിലെ ദിബ്രുഗഡിലേക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍.
രാവിലെ മുതല്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. നാട്ടിലേക്ക് മടങ്ങാനായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയോടെയും ചിലര്‍ എത്തി. ഇവരെയെല്ലാം പൊലീസ് മടക്കി അയച്ചു.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് കണ്‍ഫോം ടിക്കറ്റുള്ള യാത്രക്കാരെ റെയില്‍വേ സ്റ്റേഷനിലേക്ക് കടത്തിവിട്ടത്. യാത്രയ്ക്ക് മുന്‍പ് ശരീരോഷ്മാവ് പരിശോധിച്ച് രോഗലക്ഷണം ഇല്ലായെന്ന് ഉറപ്പു വരുത്തി. യാത്രയിലുടനീളം മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശിച്ചു. ബംഗളൂരുവിലെക്കായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള മൂന്നാമത്തെ സര്‍വീസ്. ഹൗറ, അഹമ്മദാബാദ്, രാജേന്ദ്ര നഗര്‍, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും സര്‍വീസ് ഉണ്ടാകും. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നിമിഷനേരം കൊണ്ട് തന്നെ ടിക്കറ്റ് എല്ലാം വിറ്റു തീര്‍ന്നിരുന്നു.
നാളെയാണ് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ്. എന്നാല്‍ കേരളത്തിലിറങ്ങുന്നവര്‍ക്ക് ടിക്കറ്റ് മാത്രമല്ല പാസ്സും നിര്‍ബന്ധമാണ്. റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതുമാണ്.
ഹോം ക്വാറന്റൈന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും. റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്റൈന്‍ സ്വീകരിക്കേണ്ടതുമാണ്.