സ്ത്രീ ലൈംഗികതയും സ്വയംഭോഗവും ലോക് ഡൌണ്‍ കാലവും
തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിക്കുന്ന സദാചാര കുരു പൊട്ടുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഈ ലേഖനം മുഴുവനും വായിക്കാതിരിക്കുക. ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനുശേഷം വ്യാപകമായി യുവാക്കള്‍ ആഘോഷിച്ച കുറച്ചു ട്രോളുകള്‍ ആണ് വീടിനകത്ത് വെറുതെ ഇരുന്നു വാണം വിടുന്ന (സ്വയംഭോഗം) ചങ്കുകളുടെ കഥകള്‍. എന്നാല്‍ ചില സെക്‌സ് ട്രോളുകള്‍ ഉള്ള ഗ്രൂപ്പുകളില്‍ അല്ലാതെ വേറെ ഒന്നിലും ഇത്തരത്തില്‍ ഉള്ള ചങ്കത്തികളുടെ ട്രോളുകള്‍ കണ്ടില്ല. സ്വയംഭോഗം എല്ലാം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണുങ്ങള്‍ അങ്ങനെ ചെയ്താല്‍ ‘അയ്യേ നാണക്കേട്’ എന്ന ചിന്താഗതിയാണ് സ്ത്രീകള്‍ അടക്കമുള്ള നമ്മുടെ സമൂഹത്തിനു ഉള്ളത്.
ലോക്ക് ഡൌണ്‍ കാലമാണ് ആണും പെണ്ണും എല്ലാം കഴിഞ്ഞ കുറച്ചു വാരങ്ങളായി വീടുകള്‍ക്ക് ഉള്ളിലാണ്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ലോകത്ത് ആകമാനമായി ബേബി ബൂം എന്ന പ്രതിഭാസം ഉണ്ടാകും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. അതില്‍ തന്നെ നമ്മുടെ ഇന്ത്യാ മഹാരാജ്യം ആകും ഒന്നാമത് എന്നും വാര്‍ത്തകള്‍ ഉണ്ട്. ഇപ്പോള്‍ തന്നെ അമേരിക്ക ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ അബോര്‍ഷന്‍ ചെയ്യുന്ന യുവതികളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് വര്‍ധിച്ചു കഴിഞ്ഞു.
ഇത്രയും പറഞ്ഞത് ദമ്പതികളുടെ കാര്യം. അതേസമയം സിംഗിള്‍ ആയി കഴിയുന്നവരുടെ കാര്യം എടുത്താല്‍ യുവാക്കള്‍ക്ക് ഇടയിലെ സ്വയം ഭോഗത്തിന്റെ കണക്കും മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെയധികം കൂടുതലാണ് എന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മുടെ നാട്ടിലെ പുരുഷന്മാരില്‍ സര്‍വ്വസാധാരണവും സ്ത്രീകളില്‍ അത്രത്തോളം സാധാരണവുമല്ലാത്ത ലൈംഗികതയാണ് സ്വയംഭോഗം. ലൈംഗികാവയവങ്ങള്‍ സ്വയം ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലെത്തുന്നതിനെയാണ് സ്വയംഭോഗമെന്നു പറയുന്നത്. കൗമാരക്കാരിലാണ് സ്വയംഭോഗത്തോടുള്ള താല്‍പര്യം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.
രതി എന്നതുപോലെതന്നെ സ്വയംഭോഗവും തികച്ചും വ്യക്തിപരവും വ്യക്ത്യധിഷ്ഠിതവുമായ കാര്യമാണ്. ഒരാള്‍ക്ക് രതിയില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം പോലെതന്നെയാണ് സ്വയംഭോഗം ചെയ്യാനുള്ള സ്വാതന്ത്ര്യവും. രതിയെപ്പറ്റി സമൂഹത്തില്‍ പല തെറ്റായ ധാരണകളും നിലനില്‍ക്കുന്നതുപോലെതന്നെ സ്വയംഭോഗത്തെപ്പറ്റിയും തെറ്റിദ്ധാരണകളുണ്ട്. അതില്‍ തന്നെ സ്ത്രീകളിലെ സ്വയംഭോഗം എന്നത് ലോകാവസാനത്തിനു വരെ കാരണമാകും എന്ന് ചില മത പണ്ഡിതന്മാര്‍ പടച്ചുവിടുന്നത് കണ്ണടച്ച് വിശ്വസിക്കുന്നവരും ഏറെയാണ്.
രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ തങ്ങളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും അതുപയോഗിച്ച് വിവിധതരത്തില്‍ കളിക്കാന്‍ ശ്രമിക്കുന്നതും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്വാഭാവികമാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തും സ്പര്‍ശം നല്‍കുന്ന അനുഭവം കുട്ടികള്‍ അറിഞ്ഞുതുടങ്ങുന്നത് ഇങ്ങിനെയാണ്. ലൈംഗികാവയവത്തിലാകുമ്പോള്‍ അത് ചിലപ്പോള്‍ കുറച്ചുകൂടി രസകരമാകും. സ്വയംഭോഗത്തിന്റെ തുടക്കവും ഇവിടെയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ ഇതിനെ എന്തോ അപരാധമെന്ന രീതിയില്‍ കാണുകയും കുട്ടികളെ വഴക്കുപറയുകയും ചെയ്യുന്നു. ഇതോടെ ആ ‘രസം’ തെറ്റായ ഒന്നായി കുട്ടികള്‍ക്കു തോന്നുകയും അവര്‍ ആശങ്കയിലാകുകയും ചെയ്യും. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതപരമായ ചില ചിന്തകളും ഇതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള കാരണമാണ്.
ഒരു കുട്ടിയുടെ ശാരീരികവും മാനസ്സികവുമായി വളര്‍ച്ചപോലെതന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക വളര്‍ച്ചയും. അതിന്റെ ഭാഗംകൂടിയാണ് ഇത്തരം പ്രവൃത്തികള്‍. കൊച്ചുകുട്ടികള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് ലൈംഗികാവയവത്തില്‍ പിടിക്കുന്നതുംമറ്റും മാതാപിതാക്കളിലും കണ്ടുനില്‍ക്കുന്നവരിലുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഇവിടെ പ്രശ്‌നമാകുന്നത്. അതേസമയം മനുഷ്യരിലെ അതിസാധാരണമായ സ്വഭാവവും ആരോഗ്യകരമായ ലൈംഗികതയുമാണ് സ്വയംഭോഗം. പക്ഷേ, സ്വകാര്യമായ ലൈംഗിക രീതിയായതിനാല്‍ ഇതിന് ഒരു മോശം പ്രതിഛായയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും സ്വയംഭോഗത്തെപ്പറ്റി പരസ്പരം സംസാരിക്കാറില്ല. സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നതിന്റെ കാരണം ഇത്തരം തുറന്നുപറച്ചിലുകളില്ലാത്തതാണ്.
വിദേശ രാജ്യങ്ങളില്‍ സിനിമകളിലും ടി വി സീരിയലുകളിലും പോലും സ്ത്രീകളുടെ സ്വയംഭോഗം ഒരു സാധാരണ വിഷയമായി കാണിക്കാറുണ്ട് അല്ലെങ്കില്‍ അവതരിപ്പിക്കാറുണ്ട്. പക്ഷേ, നമ്മുടെ നാട്ടില്‍ അതല്ല സ്ഥിതി. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതാല്‍പര്യങ്ങളും മറ്റും സംസ്‌കാരത്തില്‍ അധിഷ്ഠിതമാണ്. സ്വയംഭോഗത്തെപ്പറ്റി മാത്രമല്ല, രതിയെപ്പറ്റിപ്പോലും തുറന്നുപറയാനും തുറന്നു സംസാരിക്കാനും അവര്‍ ഭയക്കുന്നു.
വേണ്ടത്ര രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കില്‍പോലും അവരത് മറച്ചുവയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളെ കൊടുംകുറ്റമായി കാണുന്നു. സ്വയംഭോഗത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ പറയുന്നവര്‍ സംസ്‌കാരമില്ലാത്തവരായി മുദ്രകുത്തപ്പെടും. വിവാഹശേഷവും സ്വയംഭോഗത്തിലൂടെ രതിമൂര്‍ഛ അനുഭവിക്കാന്‍ തല്‍പരരായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള അപകടം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.
സ്ത്രീകളുടെ ജനനേന്ദ്രിയത്തോടടുത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഭാഗമാണ് കൃസരി (ക്ലിറ്റോറിസ്). ആയിരക്കണക്കിന് ചെറുനാഡികള്‍ എത്തിച്ചേരുന്നതിനാല്‍ തന്നെ ഈ ഭാഗം വളരെ സെന്‍സിറ്റീവുമാണ്. കൃസരി ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികസന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ സ്വയംഭോഗത്തിന്റെ ഒരു രീതി കൃസരിയെ സ്വയം ഉത്തേജിപ്പിക്കലാണ്. സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ സ്വയംഭോഗം ഉപകരിക്കും. അതുകൊണ്ടുതന്നെ അതില്‍ എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ ആവശ്യമില്ല. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തേയും പരിപോഷിപ്പിക്കാനും സ്വയംഭോഗം ഉപകരിക്കും.
അതേസമയം സ്വയംഭോഗം ദോഷമാണ്. വിവാഹിത അല്ലാത്ത സ്ത്രീ സ്വയംഭോഗം ചെയ്താല്‍ അവള്‍ക്ക് ദൈവ കോപം മാത്രമല്ല അസുഖങ്ങള്‍ പിടിപെടും എന്ന് വരെ ചിലര്‍ നാട്ടില്‍ പാടി നടക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യകരമായ സ്വയംഭോഗം ഒരുതരത്തിലും അപകടകരമല്ല. അതേസമയം, അണുബാധയുണ്ടാക്കുന്നതോ മുറിവുണ്ടാക്കുന്നതോ ആയ വസ്തുക്കളും വൃത്തിഹീനമായ വിരലുകളും മറ്റും സ്വയംഭോഗത്തിന് ഉപയോഗിക്കുന്നത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ചില സ്ത്രീകളില്‍ ദിവസേനയുള്ള സ്വയംഭോഗം സാധാരണകാര്യമാണ്. അത് അവരുടെ പ്രായത്തേയും ലൈംഗിക താല്‍പര്യത്തേയും ആശ്രയിച്ചിരിക്കും. അത് സ്ത്രീകളുടെ ഊര്‍ജ്ജത്തെ ഒരുതരത്തിലും ചോര്‍ത്തിക്കളയുകയോ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല. പങ്കാളിയുമായുള്ള ലൈംഗികബന്ധം വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ലെങ്കില്‍ സ്ത്രീകളില്‍ മാനസ്സിക സമ്മര്‍ദ്ദം വര്‍ധിക്കാനും മറ്റു പ്രശ്‌നങ്ങള്‍ക്കും അത് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അവ തരണം ചെയ്യാനുള്ള ഉപാധികൂടിയാണ് സ്വയംഭോഗം.
അതുപോലെ ഒരു സ്ത്രീയെന്ന നിലയില്‍ ശരീരത്തെ കൂടുതല്‍ മനസ്സിലാക്കാനും അങ്ങനെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ മറ്റൊരു അനുഭൂതിയാക്കാനും സാധിക്കുന്നതാകണം സ്വയംഭോഗം. മറിച്ച് പങ്കാളിയുമായുള്ള ലൈംഗികമായ അടുപ്പം സ്വയംഭോഗം മൂലം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണ്. കൂടാതെ പങ്കാളിയുടെ ലൈംഗികത തൃപ്തിപ്പെടുത്താതെ വരുമ്പോള്‍ , പങ്കാളി രോഗബാധിതനാണെങ്കില്‍, പങ്കാളി അടുത്തില്ലാത്ത സാഹചര്യങ്ങളില്‍ എല്ലാം പങ്കാളിയോടൊത്തുള്ള ലൈംഗികതയ്ക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് സ്വയംഭോഗം.
വിഷാദത്തെ മറികടക്കാനും നല്ല മൂഡ് ഉണ്ടാക്കുന്ന ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാനും ഇത് സ്ത്രീകള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ്. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനത്തിനും ഉത്തമമാണ് സ്വയംഭോഗം. സ്വയംഭോഗം സ്വന്തം ശരീരത്തോടുള്ള സ്‌നേഹം കൂട്ടാനും ശരീരത്തെ ആഴത്തിലറിയാനും ഉപകരിക്കും. ആത്മവിശ്വാസം വളര്‍ത്താനും സ്വയം ബോധവല്‍ക്കരണത്തിനും ഇത് സഹായകമാണ്. ഉറക്കം കൂട്ടാനും സുഖസുഷുപ്തിക്കും സ്വയംഭോഗം നല്ലതാണ്. പങ്കാളിയുമായുള്ള ലൈംഗികതയായാലും സ്വയംഭോഗമായാലും കൂടുതല്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ രതിമൂര്‍ഛ ലഭിക്കുന്നപക്ഷം അത് ഹൃദ്രോഗത്തേയും ടൈപ്പ് രണ്ട് ഡയബറ്റിസ് മെലിറ്റസിനേയും പ്രതിരോധിക്കും. സ്ത്രീകളിലെ രതിമൂര്‍ഛ വസ്തിപ്രദേശത്തെ ബലപ്പെടുത്തും. രക്തചംക്രമണവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതും അതിനോടനുബന്ധിച്ച് പേശികളിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്.
ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ യോനി ചുരുങ്ങുന്നത് ലൈംഗികബന്ധത്തേയും മറ്റും ശ്രമകരവും വേദനാജനകവും ആക്കാറുണ്ട്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലാംശമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാല്‍, ലൈംഗികാവയവങ്ങളിലെ രക്തയോട്ടം വര്‍ധിക്കുന്നതിനും യോനി വരളുന്നതും ചുരുങ്ങുന്നതും തടയുന്നതിനും സഹായിക്കും. അതേസമയം അമിതമായ സ്വയംഭോഗം ലൈംഗികാവയവങ്ങള്‍ വരണ്ടുപോകാനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും വഴിതെളിക്കും. പങ്കാളി ഉണ്ട് എങ്കില്‍ അകല്‍ച്ചയ്ക്ക് മടുപ്പിനും വഴിതെളിക്കും. ഒരേതരത്തിലുള്ള തുടര്‍ച്ചയായ സ്വയംഭോഗം, രതിമൂര്‍ഛയിലെത്താന്‍ അതുമാത്രമേ മാര്‍ഗമുള്ള എന്ന തരത്തിലേക്ക് സ്വയം പരുവപ്പെടുത്തും.
ലൈംഗികതയുടെ മാസ്മരികതയാണ് ഓരോ സ്ത്രീ ശരീരങ്ങളും പേറുന്നത്. സ്ത്രീ ലൈംഗികതയുടെ ആഴം പുരുഷന് അളക്കാവുന്നതിലും മേലെയാണ് . ജീവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടോ സാമൂഹ്യ നിര്‍മിതികള്‍ മൂലമോ വളരെ ചുരുങ്ങിയതാണ് ആണിന്റെ ലൈംഗികത . പെണ്ണിന്റേതാണെങ്കില്‍ അനന്തവും. അതനുഭവിക്കുവാന്‍ തയ്യാറാവുക എന്നതാണ് സ്വയംഭോഗത്തിനു തയ്യാറാവുമ്‌ബോഴും തിരിച്ചറിയേണ്ടത്.