മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍
കൊറോണ വൈറസ് വ്യാപനം കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഈ മാസം 26ന് മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ 28നും ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ 30നും പൂര്‍ത്തിയാവും. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10നാണ് ആരംഭിച്ചത്. പിന്നീട് കൊറോണ ബാധയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
മൂന്ന് പരീക്ഷകള്‍ ആണ് പത്താം ക്ലാസില്‍ നടക്കാന്‍ ബാക്കിയുള്ളത്. 26ന് കണക്ക്, 27ന് ഫിസിക്സ് 28ന് കെമിസ്ട്രി പരീക്ഷയും നടത്താനാണ് തീരുമാനം. ഉച്ച തിരിഞ്ഞായിരിക്കും പത്താം ക്ലാസ് പരീക്ഷകള്‍. ഹയര്‍സെക്കണ്ടറിയില്‍ 26ന് വി.എച്ച്.എസ്.ഇയില്‍ ബാക്കിയുള്ള ഓണ്ട്രപെര്ണര്ഷിപ്പ് ഡെവലപ്മെന്റ് പരീക്ഷയാണ്. ഒന്നാം വര്‍ഷക്കാര്‍ക്ക് രാവിലെയും രണ്ടാം വര്‍ഷക്കാര്‍ക്ക് ഉച്ചക്കും. 27 മുതല്‍ പ്ലസ് വണ്‍, പ്ലസ് 2 പരീക്ഷകള്‍. പ്ലസ് വണിന്റെ 27, 28 തീയതികളിലെ പരീക്ഷകള്‍ രാവിലെയും 29, 30 തീയതികളില്‍ ഉച്ചക്കുമാണ്. പ്ലസ് ടു എല്ലാ പരീക്ഷകളും രാവിലെയും.
വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ക്ലാസ് റൂമുകളില്‍ സാനിറ്റൈസര്‍ കരുതണം. ശാരീരിക അകലം പാലിച്ചാകണം ഇരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എന്നിങ്ങനെ നിര്‍ദേശങ്ങള്‍ ഉണ്ട്.