സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു : സ്വദേശികളിലും അസുഖം പടരുന്നു

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് പത്ത് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 283 ആയി. ഇന്ന് 2039 പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 46869 ആയി. 156 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. ഇന്ന് 1429 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19051 ആയി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം രണ്ടായിരത്തിന് താഴെയായി. ഇതിന് പുറമെ, ഇന്ന് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും ചെയ്തു. നിലവില്‍ പ്രവാസികളോടൊപ്പം നിരവധി സൌദി പൌരന്മാര്‍ക്കും അസുഖം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അസുഖം സ്ഥികരിക്കുന്ന സൌദി പൌരന്മാരുടെ എണ്ണത്തില്‍ 25 മുതല്‍ 35 ശതമാനത്തിലേറെ വരെ വര്‍ധനവുണ്ടായിട്ടുണ്ട്.

ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വര്‍ധിച്ചത് കേസുകള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. സാമൂഹ്യ സമ്പര്‍ക്കം വഴിയാണ് കേസുകളില്‍ കൂടുതലും സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം സൌദി പൌരന്മാര്‍ നിയമം ലംഘിച്ച് ഒന്നിച്ചു ചേര്‍ന്നതോടെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.