കൊറോണ ബാധിതനെ ഒളിച്ചു കടത്തി ; കാസര്‍ഗോഡ് സി.പി.എം പഞ്ചായത്ത് അംഗത്തിനുള്‍പ്പടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ്

കാസര്‍ഗോഡ് ജില്ലയെ വീണ്ടും ഭീതിയിലാഴ്ത്തി കൊറോണ വ്യാപന സാധ്യത. അതിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത് ഭരണകക്ഷിയുടെ പഞ്ചായത്ത് അംഗവും. അനുമതിയില്ലാതെ ചരക്ക് ലോറിയില്‍ ജില്ലയിലെത്തിയ വ്യക്തിയെ അതിര്‍ത്തിയില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന സി.പി.എം പഞ്ചായത്ത് അംഗത്തിനും കുടുംബത്തിലെ നാലുപേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.
റെഡ് സോണില്‍ നിന്നുള്‍പ്പടെ അനധികൃതമായി ജില്ലയിലെത്തുന്നവര്‍ കോവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയ്ക്കിടയിലാണ് സി.പി.എം നേതാവ് ചരക്ക് ലോറിയിലെത്തിയ വ്യക്തിയെ കാറില്‍ വീട്ടിലെത്തിച്ചത്.

മംബൈയില്‍ നിന്നും ചരക്ക് ലോറിയില്‍ മെയ് നാലിന് ജില്ലയിലെത്തിയ പൈവളിക സ്വദേശിക്ക് ഈ മാസം 11 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ കുഞ്ചത്തൂരില്‍ നിന്നും സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് കാറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഈ പഞ്ചായത്ത് അംഗത്തിനും സിപിഎം പ്രാദേശിക നേതാവായ അവരുടെ ഭര്‍ത്താവിനും എട്ടും പതിനൊന്നും വയസ്സുള്ള രണ്ട് മക്കള്‍ക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ നിന്നെത്തിയ വ്യക്തി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ പോയില്ലെന്ന് ആരോപണമുണ്ട്. ദിവസങ്ങള്‍ക്ക് ശേഷം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്നും കാറില്‍ കൂട്ടികൊണ്ട് വന്ന സി.പി.എം നേതാവും കുടുംബവും നിരീക്ഷണത്തില്‍ പോയില്ലെന്നും ആക്ഷപമുണ്ട്. ഇയാള്‍ ക്യാന്‍സര്‍ രോഗിയോടൊപ്പം മൂന്ന് തവണ ജീല്ലാ ആശുപത്രി സന്ദര്‍ശിച്ചു. ഇയാള്‍ ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗം പഞ്ചായത്തിലെത്തിയതായും നിരവധി പേരുമായി സന്പര്‍ക്കം പുലര്‍ത്തിയതായും പറയുന്നു.

കോവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെയും ജനപ്രതിനിധിയായ ഭാര്യയുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ശ്രമകരമാണെന്നാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ മഞ്ചേരിയില്‍ നിന്നും ആംബുലന്‍സില്‍ ജില്ലയിലെത്തിയ കാസര്‍കോട് നഗരസഭയിലെ 65കാരനും കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലന്‍സില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയായിരുന്നു ഇയാളുടെ യാത്ര. ബാംഗ്ലൂരില്‍ നിന്നും വന്ന കള്ളാര്‍ സ്വദേശിക്കും, മഹാരാഷ്ട്രയില്‍ നിന്നും വന്ന രണ്ട് കുമ്പള സ്വദേശികള്‍ക്കും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ആര്യഗ്യപ്രവര്‍ത്തകര്‍ക്കാണ് വ്യാഴാഴ്ച കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുന്നതോടെ കാസര്‍കോട് ജില്ല വീണ്ടും കടുത്ത ആശങ്കയില്‍ ആണ്.