ഇന്ത്യയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് 4 മാസത്തിനക0

2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭ്യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രധനമന്ത്രി.

കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും സഹായകമാവുന്ന നിരവധി വാഗ്ദാനങ്ങളാണ് കേന്ദ്ര മന്ത്രി അവതരിപ്പിച്ചത്. മോദി സര്‍ക്കാര്‍ 25 ലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയെന്നും ഇതുവഴി 25,000 കോടിയുടെ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് ലഭിച്ചുവെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കോവിഡിന് ശേഷം കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ , തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷനായി അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. ഇതിന്റെ മുഴുവന്‍ ചിലവും കേന്ദ്രം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

8 കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതുപോലെ 2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പാക്കും. സാങ്കേതിക വിദ്യ ഇതിനായി ഒരുക്കും. രാജ്യത്തെവിടെയും റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന സാഹചര്യം ഉറപ്പാക്കും. കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണ ദൗര്‍ലഭ്യമെന്ന പ്രശ്നത്തിന് ഇത് വഴി പരിഹാരമാകും.

നിര്‍മ്മല സീതാരാമന്‍ ഇന്ന് നടത്തിയ പ്രമുഖ പ്രഖ്യാപനങ്ങള്‍:-

## ഒരു ഇന്ത്യ ഒരു കൂലി നടപ്പാക്കും

## സമസ്ത തൊഴില്‍ മേഖലയിലും മിനിമം കൂലി ഉറപ്പാക്കും

## ജോലിസ്ഥലങ്ങളില്‍ സുരക്ഷ മാനദണ്ഡങ്ങളില്‍ ഉറപ്പാക്കും

## മഴക്കാലത്തും തൊഴിലുറപ്പ് പദ്ധതി നടത്തും

## രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് സുരക്ഷ ഉറപ്പാക്കും

## തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യപരിശോധന നിര്‍ബന്ധമാക്കും

## മടങ്ങിയെത്തുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും

## തോട്ടം, ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി പരിപാലന മേഖലയിലേക്കും തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും

## മിനിമം കൂലിയിലെ പ്രാദേശിക വേര്‍തിരിവ് ഇല്ലാതാക്കും

## എല്ലാ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും 2 മാസത്തേക്ക് സൗജന്യ റേഷന്‍

## റേഷന്‍ കാര്‍ഡില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍

## 5 കിലോ ധാന്യവും ഒരു കിലോ കടലയും ഒരു വ്യക്തിക്ക് നല്‍കും

## അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിലെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും. നടത്തിപ്പ് ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്ക്.

## സൗജന്യ റേഷന്‍ വിതരണത്തിന് നീക്കിവച്ചത് 3500 കോടി

## ആഗസ്റ്റ് 20 ന് മുന്‍പ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കും, ഒരു റേഷന്‍ കാര്‍ഡ് രാജ്യത്ത് എവിടെയും ഉപയോഗിക്കാം

## 67 കോടി ആളുകളുടെ റേഷന്‍ കാര്‍ഡ് ആഗസ്റ്റ് 20 ന് മുന്‍പ് ഇതിലേക്ക് മാറ്റും

## അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ന്യായമായ വാടകയ്ക്ക് താമസ സൗകര്യം

## പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാര്‍പ്പിട സമുച്ചയങ്ങള്‍ പണിയും. പദ്ധതി നടപ്പാക്കുന്നത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം.

## മുദ്ര ശിശു വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി. ഇളവ് ഒരു വര്‍ഷത്തേക്ക്.

## വഴിയോര കച്ചവടകാര്‍ക്ക് ഒരു മാസത്തിനകം പ്രത്യേക വായ്പ പദ്ധതി

## 5000 കോടി രൂപ വായ്പ പദ്ധതിക്കായി നീക്കി വയ്ക്കും