ഓണ്‍ലൈന്‍ റിലീസിംഗിനെതിരെ സിനിമാ മേഖലയില്‍ പോര് തുടങ്ങി ; എതിര്‍പ്പുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

കൊറോണയെ തുടര്‍ന്ന് താറുമാറായ മലയാള സിനിമാ മേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം. ലോക്ക് ഡൌണ്‍ കാരണം അടച്ചുപൂട്ടിയ സിനിമാ തിയറ്ററുകള്‍ക്ക് പകരം ഓണ്‍ലൈന്‍ റിലീസിംഗിനു ചിത്രങ്ങള്‍ തയ്യാറെടുത്തതാണ് എതിര്‍പ്പുകള്‍ക്ക് കാരണമായത്. ജയസൂര്യ നായകനായി എത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് ആണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത്. സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്ത് വന്നു.

ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഇത്തരത്തിലുള്ള നീക്കം ചതിയാണെന്ന് അഭിപ്രായപെട്ടു. വലിയ ഹിറ്റുകള്‍ നേടിയ നിര്‍മ്മാതാവും നടനും നടത്തിയ നീക്കം അംഗീകരിക്കില്ലെന്നും അദ്ധേഹം വ്യക്തമാക്കി. നടന്‍ ജയസൂര്യക്കും നിര്‍മ്മാതാവ് വിജയ് ബാബുവിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ലിബര്‍ട്ടി ബഷീര്‍ നടത്തിയത്.

ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല ജയസൂര്യയുടെയും ഒരു ചിത്രവും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ലോക്ക്‌ഡൌണ്‍ പ്രതിസന്ധിക്ക് പിന്നാലെ വീണ്ടും സിനിമയില്‍ പുതിയ തര്‍ക്ക വിഷയമായി ഓണ്‍ലൈന്‍ റിലീസിംഗ് മാറിയിരിക്കുകയാണ്. കൂടുതല്‍ നിര്‍മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിങ്ങിനായി തയ്യാറെടുക്കുന്നതായാണ് വിവരം. തമിഴ് ഹിന്ദി എന്നിങ്ങനെ പത്തോളം പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുന്നത്.