നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് മലബാര്‍ ഗോള്‍ഡ് 11 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൈമാറി

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് സഹായഹസ്തവുമായി മലബാര്‍ ഗോള്‍ഡ് കമ്പനി. കൊറോണ രോഗബാധ കാരണം സാമ്പത്തിക പ്രതിസന്ധിയില്‍ ആയ പ്രവാസികള്‍ക്ക് വിതരണം ചെയ്യാനായി മലബാര്‍ ഗോള്‍ഡ്, പതിനൊന്നു ടണ്ണോളം ഭക്ഷ്യധാന്യങ്ങള്‍ നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌കിന് കൈമാറി. ഒരു ലക്ഷം റിയാലിലധികം വിലവരുന്ന സാധനങ്ങളാണ് കൈമാറിയത്.

കിഴക്കന്‍ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു കൊണ്ട്, കഴിഞ്ഞ ഒരു മാസമായി നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് നടത്തുന്ന മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസാധനങ്ങള്‍ കൈമാറിയതെന്ന് മലബാര്‍ ഗോള്‍ഡ് കമ്പനി സൗദി അറേബ്യ റീജിണല്‍ ഡയറക്ടര്‍ ഗഫൂര്‍ ഇടക്കുന്നി അറിയിച്ചു.

ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ ലഭിയ്ക്കുന്ന അഭ്യര്‍ത്ഥനകള്‍ അനുസരിച്ചു, ദുരിതത്തിലായ പ്രവാസികള്‍ക്ക് ഭക്ഷ്യസാധന കിറ്റുകള്‍ വിതരണം ചെയ്യുന്ന നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു വലിയ മുതല്‍കൂട്ടാകുമെന്നും, മലബാര്‍ ഗോള്‍ഡ് കമ്പനിയുടെ ഈ സേവനത്തിനു നന്ദി പറയുന്നതായും, നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ജനറല്‍ കണ്‍വീനറും, ലോകകേരളസഭാംഗവുമായ ആല്‍ബിന്‍ ജോസഫ് പറഞ്ഞു. പ്രവാസി സമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണിത് കാണിയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി ഇന്ത്യന്‍ പ്രവാസിസമൂഹത്തില്‍ നിന്നും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള അധികാരികളില്‍ നിന്നും വന്‍പിച്ച പിന്തുണയാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിയ്ക്കുന്നത്.