ഓര്‍മ്മിപ്പിക്കുകയാണ് സ്‌നേഹപൂര്‍വ്വം-2 (കോവിഡ്-19 ലോക്ക്ഡൗണ്‍ എന്നുവരെ?)

പാപ്പച്ചന്‍ പുന്നയ്ക്കല്‍, വിയന്ന

കൊറോണ വൈറസിന്റെ വ്യാപനം കേരളത്തില്‍ നിയന്ത്രണവിധേയമാക്കി നിറുത്തുന്നതില്‍ കേരളം അതിശയകരമായി വിജയിച്ചു. എന്നാല്‍ ലോക്ക്ഡൗണിന്റെയും, ക്വോറന്റ്റീന്റെയും ഉദ്ദേശ ലക്ഷ്യങ്ങള്‍ മറന്നപോലെയാണ് ഇപ്പോള്‍ അധികാരികളും സര്‍വ്വ സന്നാഹങ്ങളും പ്രവര്‍ത്തിക്കുന്നത്.

രോഗം പടരാതെ നോക്കുകയാണ് ശരിയായ രീതി. അതല്ലാതെ ആര്‍ക്കും വരാതെ നോക്കുക എന്നതല്ല. അതിന്റെ അര്‍ത്ഥം കുറെ പേര്‍ക്ക് രോഗം വന്നു കൊണ്ടിരിക്കണം എന്ന് തന്നെയാണ്. കുറച്ചുനാള്‍ അടച്ചുപൂട്ടി ഇരുന്നാല്‍ ഒഴിഞ്ഞ് പോകുന്ന രോഗമല്ല കോവിഡ് 19.

ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ രോഗം ഇവിടെത്തന്നെ കാണും. നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കാത്ത വലിയ സംഖ്യ രോഗികള്‍ ഒരേ സമയം ഉണ്ടാകാതിരിക്കാന്‍ വേണ്ടി മാത്രമാണ് ലോക്ക്ഡൗണും ക്വോറന്റ്റീനുമൊക്കെ. ഇങ്ങനെ ലോക്ക്ഡൗണില്‍ എല്ലാകാലവും ഇരുന്ന് ശമ്പളവും, സമാശ്വാസ കിറ്റുകളും വിതരണം ചെയ്തു മുന്നോട്ടു പോകാന്‍ സാധിക്കില്ല.

കോവിഡ് മൂലം മരണം വര്‍ദ്ധിക്കുന്ന രാജ്യങ്ങളുടെ പട്ടിക ഓരോ ദിവസവും മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് അമേരിക്ക, യു.കെ, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ്. ചില രാജ്യങ്ങളുടെ മരണ നിരക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.

ഈ രാജ്യങ്ങളിലെ മരണനിരക്കുകള്‍ പരിശോധിച്ചാല്‍ മരിച്ചതില്‍ 95% വ്യക്തികളും 65 വയസിനു മുകളില്‍ പ്രായമുള്ളവരും ഒപ്പം ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരും ആയിരുന്നു. ചൈനയുടെ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തുവിട്ട കണക്കനുസരിച്ചു 80% ആളുകളും യാതൊരുവിധ ആരോഗ്യസംവിധാനങ്ങളും ഉപയോഗപ്പെടുത്താതെ രോഗം വന്നു മാറിപ്പോയത് അറിയാത്തവരാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജീവിതശൈലി രോഗങ്ങള്‍ ഇല്ലാത്ത സാമാന്യ രോഗപ്രതിരോധ ശക്തിയുള്ള ഒരാള്‍ക്ക് ഒരു ജലദോഷം പോലെ വന്നു മാറിപോകാവുന്നതേയുള്ളൂ കോവിഡ് 19. എന്നാല്‍ ഇത് വളരെ എളുപ്പം പടരുന്നതാണ് എന്നതാണ് ഗൗരവമുള്ള കാര്യം. അത്‌പോലെ ശാസ്ത്രലോകം സ്ഥിരീകരിച്ച ഒരു വസ്തുതയാണ് ഒരാള്‍ക്ക് അസുഖലക്ഷണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ 5 ദിവസം വരെയേ അയാള്‍ക്ക് മറ്റൊരാള്‍ക്ക് രോഗം പകര്‍ന്നുകൊടുക്കാനുള്ള കഴിവ് ഉണ്ടാകുവെന്നത്. അതേസമയം ഒരാള്‍ക്ക് ലഭിക്കുന്ന വൈറസ് ലോഡും (ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസിന്റെ അളവ് ) ആ വ്യക്തിയ്ക്ക് രോഗം ഉണ്ടാക്കുന്നതില്‍ ഒരു നിര്‍ണ്ണായക പങ്കു വഹിക്കുന്നുവെന്നുള്ളതാണ്.

മറ്റൊരു കാര്യം, ഒരു രാജ്യമോ, ഇന്ത്യയിലെ തന്നെ സംസ്ഥാങ്ങളോ കോവിഡ് രോഗികളായി അടയാളപ്പെടുത്തുന്ന സംഖ്യകള്‍ ഒരിക്കലും ശരിയല്ല. കാരണം ആ രാജ്യം ടെസ്റ്റ് ചെയ്തതില്‍ ഇത്രപേര്‍ക്ക് വൈറസ് ബാധിച്ചട്ടുണ്ട് എന്നേ അതിനര്‍ത്ഥമുള്ളൂ. കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്താല്‍ കൂടുതല്‍ രോഗികളെ കണ്ടെത്തും .

ഓരോ രാജ്യത്തും അവകാശപ്പെട്ടതില്‍ വളരെക്കൂടുതല്‍ ജനങ്ങള്‍ക്ക് കോവിഡ് വന്നു മാറിപോയിട്ടുണ്ടാകും. അത്രയ്ക്ക് നിസ്സാരവും, ഒപ്പം ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് വളരെ അപകടകാരിയുമാണ് കോവിഡ് 19.

ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ അധികം രോഗികള്‍ ഇല്ലാത്തതിന്നാലും, സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ വളരെയധികം സജ്ജമാക്കിയിട്ടുള്ളതിനാലും ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കി ജനങ്ങളുടെ ദൈനംദിന ജീവിതം സാവകാശം തിരികെകൊണ്ടുവാരാന്‍ ശ്രമിക്കുകയാണ് ഉചിതം. അതുമൂലം കുറേപേര്‍ക്കു അസുഖം വന്നു മാറുകയും, മറ്റുകുറേ പേര്‍ക്ക് രോഗപ്രതിരോധശേഷി ലഭിക്കുകയും ചെയ്യും.

വാക്‌സിന്‍ കണ്ടുപിടിക്കാത്തിടത്തോളം കാലം ഇങ്ങനെ ഒരവസരം ഉണ്ടായില്ലെങ്കില്‍ ഇതുവരെ നാം നേടിയെടുത്ത വിജയങ്ങള്‍ അസ്ഥാനത്തായി പോകും. എന്നുപറഞ്ഞാല്‍ മറ്റു സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതം തിരിച്ചുപിടിക്കുമ്പോള്‍ നമ്മള്‍ ഐസൊലേഷന്റെ പിന്നാലെ നടക്കേണ്ടി വരും. എന്നിരുന്നാലും വിദേശത്തുനിന്നോ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വരുന്നവരെ ക്വോറന്റ്റീന്‍ ചെയ്യുകയോ നിരീക്ഷണത്തില്‍ ആകുകയോ വേണം.

ഇപ്പോള്‍ അഭികാമ്യമായതു നമ്മുടെ ഉത്പാദന മേഖലകള്‍ ഓരോ ആഴച ഇടവേളകളില്‍ ഘട്ടംഘട്ടമായി തുറന്നുകൊടുക്കുക. 50 വയസിനു താഴെയുള്ള ജീവിതശൈലി രോഗങ്ങളില്ലാത്ത ജീവനക്കാര്‍ പ്രവര്‍ത്തനനിരതര്‍ ആവട്ടെ. അവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചിട്ടയോടെ അനുസരിച്ചു പ്രവര്‍ത്തിക്കണം. സാമൂഹ്യ അകലം, കൈകഴുകല്‍, മുഖകവചം എന്നിവ നിര്‍ബന്ധമായും പാലിക്കണം. സാമൂഹ്യ സമ്പര്‍ക്കനിരോധനം പാലിക്കാന്‍ ബുദ്ധിമുട്ടുള്ള കൂടുതല്‍ ജോലിക്കാരുള്ള സ്ഥലങ്ങളില്‍ പകുതി ജോലിക്കാര്‍ എന്ന കണക്കില്‍ ഓരോ ദിവസവും മാറി മാറി ജോലിചെയ്യട്ടെ.

അതുപോലെതന്നെ റിവേഴ്സ് ക്വോറന്റ്റീനെക്കുറിച്ചു ജനങ്ങളെ പ്രബുദ്ധരാക്കി ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരും, 60 വയസിനു മുകളിലുള്ളവരും വീടുകളില്‍ കര്‍ശനമായി ക്വോറന്റ്റീനില്‍ കഴിയട്ടെ. 50 വയസിനു മുകളിലുള്ളവര്‍ക്കും പകുതി ശമ്പളത്തില്‍ 3-6 മാസത്തേയ്ക്ക് നിര്‍ബന്ധിത അവധി നല്‍കുക. രാഷ്ട്രത്തിന്റെ നന്മക്കായി ഇതുപോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും, തൊഴിലാളി യൂണിയനുകളും ഒരുമിച്ചു സ്വീകരിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ സമ്പത് മേഖലയും ആരോഗ്യമേഖലയും ഇനിയും മോശമാകാതെ പിടിച്ചുനിറുത്താന്‍് നമുക്ക് സാധിക്കൂ.