പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയവരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി നിവേദനമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
പൊതുമാപ്പിനെ തുടര്‍ന്ന് കുവൈറ്റില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇന്ന് മെയ് 15ന് സുപ്രീകോടതിയിലെ, ഒന്നാം നമ്പര്‍ കോടതിയില്‍ ആണ് കുവൈറ്റില്‍ നിന്നുള്ള ആദ്യ കേസ്സായി ഹര്‍ജി പരിഗണിച്ചത് (കേസ്സ് നമ്പര്‍ പതിനാറ്) ഏപ്രില്‍ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സര്‍ക്കാരിന്റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. എന്നാല്‍ ലോക്ക്‌ഡൌണിനെ തുടര്‍ന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വിദേശത്ത് നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കേന്ദ്രത്തില്‍ കഴിയുന്ന മലയാളികളായ ഗീത, ഷൈനി തുടങ്ങിയവര്‍ പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുവൈത്ത് എയര്‍വെയ്സ്, ജസീറ എയര്‍വെയ്സ് എന്നീ കുവൈത്ത് വിമാനങ്ങളില്‍ 234 ഓളം ഇന്ത്യക്കാരെ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിച്ചതായും മറ്റുള്ളവരെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ശ്രീ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. എങ്കിലും കുവൈത്ത് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ഇനിയും തിരികെകൊണ്ടുവരാതിരിക്കുന്ന സാഹചര്യം ഇന്ന് ഹര്‍ജി പരിഗണിക്കവേ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹര്‍ജി ഒരു നിവേദനമായി പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.ഹര്‍ജികാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ, അഡ്വ. ജോസ് എബ്രഹാം എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരായി.
കുവൈറ്റിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ പരാതികളെ തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ആരോഗ്യ പ്രശ്‌നങ്ങളുമുള്‍പ്പടെ മറ്റു വിഷമതകളും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ശ്രീ ബാബു ഫ്രാന്‍സിസ്, പി എല്‍ സി ട്രഷര്‍ ശ്രീമതി ഷൈനി ഫ്രാങ്ക് തുടങ്ങിയവര്‍ മുഖാന്തിരമാണ് പ്രവാസി ലീഗല്‍ സെല്ലിനെ അറിയിച്ചതും തുടര്‍ന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചതും.