കൊവിഡ് കേസുകളില്‍ ചൈനയെ മറികടന്ന് ഇന്ത്യ

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയില്‍ ഇതുവരെ 82,933 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3970 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2752 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം, 30152 പേര്‍ രോഗമുക്തരായി. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ 10000 കടന്നു. ജയ്പുരില്‍ 116 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

മൂന്നാം ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് തൊട്ടുതലേദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നത്. എന്നാല്‍, മരണനിരക്ക് ചൈനയേക്കാള്‍ പിന്നിലാണെന്നത് ആശ്വാസമായി. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 35.1 ശതമാനമായി ഉയര്‍ന്നു. പോസിറ്റീവ് കേസുകളുടെ 34 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. തമിഴ്നാട്ടില്‍ നിന്ന് 11.8 ശതമാനവും ഗുജറാത്തില്‍ നിന്ന് 11.6 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 477 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. 10585 പോസിറ്റീവ് കേസുകളില്‍ 6278ഉം ചെന്നൈയിലാണ്. ഗുജറാത്തില്‍ കൊവിഡ് കേസുകള്‍ 10000 കടന്നു. 24 മണിക്കൂറിനിടെ 348 പോസിറ്റീവ് കേസുകളും 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 10280ഉം മരണം 625ഉം ആയി.

ഇന്ന് 16 ബി.എസ്.എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് എത്തുകയാണ്. മരണസംഖ്യ ആയിരം കവിഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ 1140 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണവും 438 കോവിഡ് കേസുകളും ആകെ രോഗികള്‍ 9333 ആണ്. ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9932 ഉം മരണം 606 ആയി. രാജസ്ഥാനില്‍ 117 ഉം ബീഹാറില്‍ 46 ഉം കേസുകള്‍ സ്ഥിരീകരിച്ചു.